ഹൃദയംകൊണ്ട് ഒരുക്കിയ സിനിമയെന്ന് മോഹന്‍ലാല്‍; അതിഥി വേഷത്തില്‍ മീര ജാസ്മിനും ബേസില്‍ ജോസഫും?
അതേസമയം മീര ജാസ്മിന്‍, ബേസില്‍ ജോസഫ് എന്നിവര്‍ ഹൃദയപൂര്‍വ്വത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം
മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വം' തിയറ്ററുകളിലേക്ക്. ഓഗസ്റ്റ് 28 നാണ് വേള്‍ഡ് വൈഡ് റിലീസ്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ഹൃദയംകൊണ്ട് ഒരുക്കിയ സിനിമയെന്നാണ് സെന്‍സറിങ് വിവരം അറിയിച്ച ശേഷം മോഹന്‍ലാല്‍ ഹൃദയപൂര്‍വ്വത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയത്.
അതേസമയം മീര ജാസ്മിന്‍, ബേസില്‍ ജോസഫ് എന്നിവര്‍ ഹൃദയപൂര്‍വ്വത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. ഇരുവരുടെയും കഥാപാത്രങ്ങളെ കുറിച്ച് ഇതുവരെ ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും വന്നിട്ടില്ല.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂര്‍വ്വം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും സോനു ടി.പിയുടേത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യന്‍ (കഥ), അനൂപ് സത്യന്‍ (അസോസിയേറ്റ് ഡയറക്ടര്‍) എന്നിവരും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമാണ്. അനു മൂത്തേടത്താണ് ക്യാമറ. മാളവിക മോഹനന്‍ ആണ് നായിക. സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ലാലു അലക്സ്, നിഷാന്‍, ബാബുരാജ്, ജനാര്‍ദ്ദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.