ദിലീപും മഞ്ജുവും സുഹൃത്തുക്കളായിരുന്നു, മമ്മൂക്കയുടെ പ്രായം മനസിലാകില്ല: മോഹിനി
ടൂറിംഗ് ടാക്കീസിൽ സംസാരിക്കുകയായിരുന്നു നടി.
ഒരുകാലത്ത് മലയാളത്തിന്റെ ഭാഗ്യനടിയായിരുന്നു മോഹിനി. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയമായിരുന്നു വിവാഹം. ശേഷം മോഹിനി സിനിമാജീവിതത്തോട് ബൈ പറയുകയായിരുന്നു. മോഹിനിയുടെ മികച്ച പെയർ ദിലീപ് ആയിരുന്നു. ദിലീപുമായി സൗഹൃദം ഉണ്ടായിരുന്നതിനെ കുറിച്ച് മനസ് തുറക്കുകയാണ് നടി. ടൂറിംഗ് ടാക്കീസിൽ സംസാരിക്കുകയായിരുന്നു നടി.
'ദിലീപ് ഒരു സുഹൃത്തിനെ പോലെയാണ്. ഞങ്ങൾക്ക് പരസ്പരം വലിയ ബഹുമാനമൊന്നുമില്ല. നല്ല സുഹൃത്തുക്കളാണ്. മഞ്ജു വാര്യരും നല്ല സുഹൃത്തായിരുന്നു. മമ്മൂക്ക എന്നേക്കാൾ വളരെ സീനിയറാണ്. ഞങ്ങൾ ഒരുമിച്ച് ആദ്യ സിനിമ ചെയ്യുമ്പോൾ എന്റെ അമ്മ നിങ്ങളുടെ വലിയ ഫാനാണെന്ന് പറഞ്ഞു.
അദ്ദേഹം അത് ഓർമയിൽ വെച്ച് പത്ത് വർഷം കഴിഞ്ഞ് ചോദിച്ചു. നിന്റെ അമ്മ എന്റെ ഫാനാണ് എന്ന് പറഞ്ഞത് കൊണ്ട് എന്താണുദ്ദേശിച്ചത്? നിങ്ങൾ എന്റെ അമ്മയുടെ പ്രായമുള്ള ഹീറോയെന്നല്ലേ എന്ന് ചോദിച്ചു. അയ്യോ സർ ഞാൻ അങ്ങനെ വിചാരിച്ചിട്ട് കൂടിയില്ലെന്ന് ഞാൻ പറഞ്ഞു. അവരെല്ലാം എന്നെ തെറ്റിദ്ധരിക്കാതെ മനസിലാക്കി. ചെറിയ കുട്ടിയാണ്, അത്ര അറിവേയുള്ളൂ, എന്തെങ്കിലും സംസാരിച്ച് കൊണ്ടിരിക്കുമെന്ന് അവർക്കറിയാം.
മമ്മൂക്കയെ അറിഞ്ഞവർക്ക് അറിയാം. ജോളിയായി തമാശ പറയും. എന്റെ ഭർത്താവിന്റെ സുഹൃത്ത് മമ്മൂക്കയുടെ മരുമകനാണ്. ഞാനെങ്ങനെ നിനക്കൊപ്പം പെയറായി അഭിനയിക്കുമെന്ന് അദ്ദേഹം ചോദിച്ചു. സർ, അതിന് ഒരു വഴിയേയുള്ളൂ, നിങ്ങളുടെ യഥാർത്ഥ പ്രായം സമ്മതിക്കെന്ന് ഞാൻ പറഞ്ഞു. അതൊന്നും പറ്റില്ലെന്ന് അദ്ദേഹം. മമ്മൂക്കയുടെ പ്രായം മനസിലാകില്ലെന്നും മോഹിനി പറഞ്ഞു.
അതേസമയം മോഹൻലാലിനോട് തനിക്ക് സംസാരിക്കാൻ ഭയമായിരുന്നന്നും മോഹിനി പറഞ്ഞു. അദ്ദേഹം പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുക. മനസിലാകാതെ ഞാനെന്തിലും പറഞ്ഞാലോ എന്ന് കരുതി ഞാനധികം സംസാരിക്കില്ല. അദ്ദേഹവും അധികം സംസാരിക്കില്ല. ഹൗ ആർ യു മോഹിനി, ആ സിനിമ എങ്ങനെയുണ്ടായിരുന്നു എന്നെല്ലാം ചോദിക്കും. നീ മലയാളം പഠിക്കണം, നിന്റെ അമ്മൂമ്മ കോട്ടയംകാരിയല്ലേ എന്ന് അദ്ദേഹം പറഞ്ഞ് കൊണ്ടിരിക്കുമായിരുന്നെന്നും മോഹിനി ഓർത്തു.