Aaro: 'ബക്കാര്‍ഡിയുടെ പരസ്യം, ഇപ്പോഴും ദേവാസുരത്തില്‍ തന്നെ'; ട്രോളുകളില്‍ നിറഞ്ഞ് 'ആരോ'
അങ്ങനെയാണ് ആരോ എന്ന ഹ്രസ്വചിത്രത്തെ ഇപ്പോൾ മലയാളികൾ പറയുന്നത്.
ക്യാമറയ്ക്ക് പിന്നിൽ രഞ്ജിത്ത്. സ്‌ക്രീനില്‍ മഞ്ജു വാര്യരും ശ്യാമപ്രസാദും. നിര്‍മാണം മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനി. സംഗീതം ബിജിബാലും. എല്ലാം കൊണ്ടും മികച്ച ഒരു ടീം. എന്നാൽ, അവസാനം പുറത്തിറങ്ങിയത് പടച്ച് വിട്ടവർക്ക് പോലും എന്താണെന്ന് പറയാൻ കഴിയാത്ത ഐറ്റം. അങ്ങനെയാണ് ആരോ എന്ന ഹ്രസ്വചിത്രത്തെ ഇപ്പോൾ മലയാളികൾ പറയുന്നത്.
മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് രഞ്ജിത്ത് ഒരുക്കിയ ഹ്രസ്വചിത്രമെത്തിയത്. ഇന്നലെ റിലീസ് ചെയ്ത ഷോര്‍ട്ട് ഫിലിം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയായി മാറിയിട്ടുണ്ട്. മഞ്ജു വാര്യരും ശ്യാമപ്രസാദും നന്നായി അഭിയനിച്ചിട്ടുണ്ടെന്നും ബിജിബാലിന്റെ സംഗീതവും കൊള്ളാമെന്നും സോഷ്യൽ മീഡിയ പറയുന്നു. എന്നാൽ, കളിയാക്കലുകൾ മുഴുവൻ രഞ്ജിത്തിനാണ്. സോഷ്യല്‍ മീഡിയ പക്ഷെ രഞ്ജിത്തിന്റെ ആശയത്തേയും അവതരണത്തേയുമൊക്കെ വിമര്‍ശിക്കുകയാണ്.
റീലില്‍ ഒതുങ്ങേണ്ട വിഷയമാണ് 21 മിനുറ്റുള്ള ഷോര്‍ട്ട് ഫിലിമായി വലിച്ച് നീട്ടിയതെന്നാണ് ചിലരുടെ വിമര്‍ശനം. സ്‌കൂള്‍ കുട്ടികള്‍ പോലും അടിപൊളി ഷോര്‍ട്ട് ഫിലുമകളുണ്ടാക്കുന്ന കാലത്ത് രഞ്ജിത്ത് ഒരുക്കിയത് പഴഞ്ചന്‍ ആശയങ്ങളുള്ള ചിത്രമാണെന്നും ചിലര്‍ പറയുന്നു. ഇതൊരു ഷോര്‍ട്ട്ഫിലിം അല്ലെന്നും ബക്കാര്‍ഡിയുടെ പരസ്യമാണെന്നും ചിലര്‍ പറയുന്നു.