സംവിധായകൻ ശങ്കറിൽ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായത്; എഡിറ്റർ ഷമീർ മുഹമ്മദ്
തമിഴ് ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിനൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ ദുരനുഭവം തുറന്ന് പറയുകയാണ് ഷമീർ മുഹമ്മദ്.
ചാർളി, അങ്കമാലി ഡയറീസ്, രേഖാചിത്രം എന്നെ സിനിമകളിലൂടെ ശ്രദ്ധേയനായ എഡിറ്ററാണ് ഷമീർ മുഹമ്മദ്. ഇപ്പോൾ തിയറ്ററുകളിൽ പ്രദർശന വിജയം നേടിക്കൊണ്ടിരിക്കുന്ന നരിവേട്ടയാണ് ഷമീർ മുഹമ്മദിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ തമിഴ് ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിനൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ ദുരനുഭവം തുറന്ന് പറയുകയാണ് ഷമീർ മുഹമ്മദ്.
ശങ്കറിന്റെ സംവിധാനത്തിൽ രാംചരൺ നായകനായ ഗെയിം ചെയ്ഞ്ചറിൽ ജോലി ചെയ്തപ്പോഴുണ്ടായ അനുഭവമാണ് ഷമീർ മുഹമ്മദ് തുറന്ന് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷമീർ മുഹമ്മദ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. എഡിറ്റിംഗ് സ്റ്റുഡിയോയിൽ തന്നെ വെറുതെ കൊണ്ടിരുത്തുമെന്നും 350 ദിവസത്തോളം താൻ അവിടെ പോസ്റ്റടിച്ച് ഇരുന്നിട്ടുണ്ടെന്നും ഷമീർ മുഹമ്മദ് പറഞ്ഞു. ഗെയിം ചെയിഞ്ചറിന് വേണ്ടി മറ്റ് മൂന്ന് ചിത്രങ്ങൾ വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ മണ്ടത്തരമായിപ്പോയേനെ എന്നും ഷമീർ മുഹമ്മദ് കൂട്ടിച്ചേർത്തു.
വളരെ മോശമായിരുന്നു, ശങ്കറിനൊപ്പമുള്ള അനുഭവം, വളരെ ആകാംഷയിലായിരുന്നു ചിത്രം എഡിറ്റ് ചെയ്യാനായി പോയത്. എന്നാൽ അവിടെ ഇവിടുത്തെ പോലെയൊന്നുമല്ല, വേറെയൊരു ലോകമാണ്. എഡിറ്റ് ചെയ്യേണ്ടുന്ന സമയത്തിനും, 10 ദിവസം മുൻപേ എന്നെ അവിടെ വെറുതെ കൊണ്ടിരുത്തും, അതുകഴിഞ്ഞ് വീണ്ടും 10 ദിവസം ഇരുത്തും, അങ്ങനെ ഞാൻ 350 ദിവസത്തോളം അവിടെ പോസ്റ്റടിച്ച് ഇരുന്നിട്ടുണ്ട്, ഞാൻ ഇപ്പോൾ അദ്ദേഹത്തെ ഫോണിൽ ബ്ലോക്ക് ആക്കിയിരിക്കുകയാണ്” ഷമീർ മുഹമ്മദ് പറയുന്നു.