അഫ്ഗാനിസ്ഥാനിലെ താലിബന്‍ സര്‍ക്കാരുമായുള്ള സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. വിദേശകാര്യമന്ത്രി എസ് ജയ് ശങ്കര്‍ താലിബാന്‍ വിദേശകാര്യമന്ത്രിയുമായാണ് ധാരണയിലെത്തിയത്. ഇന്ത്യ- പാക് സംഘര്‍ഷ സാഹചര്യത്തിലും ഇന്ത്യയ്‌ക്കൊപ്പമാണ് അഫ്ഗാന്‍ നിന്നത്. ഇതോടെയാണ് താലിബാന്‍ സര്‍ക്കാരിന്റെ ആക്ടിങ് വിദേശകാര്യമന്ത്രിയുമായി വിദേശകാര്യമന്ത്രി എസ് ജയ് ശങ്കര്‍ ചര്‍ച്ച നടത്തിയത്. ഫോണ്‍ വഴിയാണ് ചര്‍ച്ച നടന്നത്.
വിസ നല്‍കുന്നത് വീണ്ടും തുടങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് ഇന്ത്യ അറിയിച്ചതായി താലിബാന്‍ പ്രസ്താവനയില്‍ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ പിന്തുണയ്ക്കാത്തതില്‍ ഇന്ത്യ നന്ദി അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച അഫ്ഗാന്‍ താലിബാന്‍ സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്നും എസ് ജയ് ശങ്കര്‍ എക്‌സില്‍ കുറിച്ചു. അഫ്ഗാനിലെ താലിബാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി മൗലവി അമീര്‍ ഖാന്‍ മുട്ടാകിയുമായി സംസാരിച്ചെന്നും എഫ്ഗാനുമായുള്ള പരമ്പരാഗത സൗഹൃദം തുടരുമെന്നും ജനങ്ങളുടെ വികസനകാര്യങ്ങളിലടക്കമുള്ള സഹകരണവും തുടര്‍ന്നുള്ള കാര്യങ്ങളും ചര്‍ച്ചയായെന്നും എസ് ജയ് ശങ്കര്‍ പറഞ്ഞു.