പൃഥ്വിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2022ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2 സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ലൂസിഫര്‍,മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഗം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഈ സിനിമകളുടെ ഓവര്‍സീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിനാണ് വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മോഹന്‍ലാലിന് ദുബായില്‍ വെച്ച് രണ്ടരകോടി നല്‍കിയതിലും വ്യക്തത തേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് ഫിലിംസില്‍ 2022ല്‍ നടത്തിയെ റെയ്ഡിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നോട്ടീസെന്ന ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പൃഥ്വിരാജിനും സമാനമായ നോട്ടീസ് ഇന്‍കം ടാക്‌സ് അയച്ചിരുന്നു. പൃഥ്വിരാജ് മുന്‍പ് അഭിനയിച്ച സിനിമകളുടെ കാര്യത്തില്‍ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നല്‍കിയിരുന്നു. ഇന്‍കം ടാക്‌സ് നോട്ടീസിന് ഈ മാസം മുപ്പതിനകം മറുപടി നല്‍കാനാണ് പൃഥ്വിരാജിനോട് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്യും.
ഇതിനിടെ എമ്പുരാന്‍ സിനിയുടെ നിര്‍മാതാക്കള്‍ക്കെതിരെയും സംവിധായകനെതിരെയും പെട്ടെന്ന് വന്ന ഇഡി, ഇന്‍കം ടാക്‌സ് നടപടികള്‍ പ്രതികാരനടപടികളുടെ ഭാഗമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ അടക്കം സംസാരം. എമ്പുരാന്‍ സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമെന്ന് ബോധ്യമായതായും പലരും കമന്റുകളില്‍ അഭിപ്രായപ്പെടുന്നുണ്ട്.