തമിഴ് സിനിമയെ നശിപ്പിക്കുന്നത് ഞാനടക്കം 3 സംവിധായകർ!, മറ്റ് ഭാഷാ സിനിമകൾ വിജയിച്ചാലും കുറ്റം ഞങ്ങൾക്ക്: പാ രഞ്ജിത്ത്
എനിക്കത് മനസിലാകുന്നെ ഇല്ല. ഒരു വര്‍ഷം തമിഴില്‍ മൂന്നൂറ് സിനിമയെങ്കിലും ഇറങ്ങുന്നുണ്ട്. ഞാന്‍ വര്‍ഷത്തില്‍ 2 സിനിമയാണ് ചെയ്യുന്നത്.
തമിഴ് സിനിമ ഗതി പിടിക്കാത്തതിന് കാരണം താനടക്കം 3 സംവിധായകരാണെന്ന് പറഞ്ഞുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ സംവിധായകന്‍ പാ രഞ്ജിത്. തമിഴ് സിനിമയെ നശിപ്പിക്കുന്നത് പാ രഞ്ജിത്, വെട്രിമാരന്‍, മാരി സെല്‍വരാജ് എന്നീ സംവിധായകരാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങളിലാണ് പാ രഞ്ജിത് പ്രതികരിച്ചത്.
ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ എന്നൊരു പ്രയോഗമുണ്ട്. മറ്റൊരു ഭാഷയില്‍ ഇന്ത്യയാകെ ശ്രദ്ധിക്കുന്ന ഒരു സിനിമയുണ്ടായാല്‍ കുറ്റം ഞങ്ങള്‍ മൂന്ന് പേര്‍ക്കാണ്. എനിക്കത് മനസിലാകുന്നെ ഇല്ല. ഒരു വര്‍ഷം തമിഴില്‍ മൂന്നൂറ് സിനിമയെങ്കിലും ഇറങ്ങുന്നുണ്ട്. ഞാന്‍ വര്‍ഷത്തില്‍ 2 സിനിമയാണ് ചെയ്യുന്നത്. മാരി സെല്‍വരാജ് ആകെ ചെയ്തത് 5 സിനിമയാണ്. വെട്രിമാരന്‍ 3 വര്‍ഷമെങ്കിലും കൂടുമ്പോഴാണ് സിനിമ ചെയ്യുന്നത്. ഈ കാലയളവില്‍ ഒരു 600 സിനിമയെങ്കിലും തമിഴില്‍ നിന്നും വന്ന് കാണും. എന്നിട്ട് തമിഴ് സിനിമയെ തകര്‍ക്കുന്നത് 3 സംവിധായകരാണ്.
ഞാനാകെ ചെയ്തത് 7 സിനിമയാണ്. ഈ 7 സിനിമകള്‍ കാരണം തമിഴ് സിനിമ തകര്‍ന്നെന്നാണോ?, അപ്പോള്‍ മറ്റ് സംവിധായകരെന്താണ് ചെയ്യുന്നത്, നിങ്ങള്‍ പ്രേക്ഷകര്‍ എന്താണ് ചെയ്യുന്നത്? കബാലി സിനിമ ചിലര്‍ക്ക് ഇഷ്ടമായില്ല, രജിനികാന്തിനെ വെച്ച് എങ്ങനെ ജാതിയെ കുറിച്ച് സംസാരിച്ചെന്നാണ് ചോദിച്ചത്. അതെങ്ങനെ നേരിടണമെന്ന് എനിക്കറിയില്ല.
കബാലി വിജയിച്ചോ, പരാജയപ്പെട്ടോ എന്നതല്ല എന്റെ വിഷമം. ഇനി ഇതുപോലെ സിനിമകള്‍ ആരെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നാല്‍ ബുദ്ധിമുട്ടാകുമോ എന്നായിരുന്നു ഭയം. പാ രഞ്ജിത് പറഞ്ഞു. അതേസമയം കബാലിയുടെ തിരക്കഥയില്‍ പാളിച്ചകള്‍ ഉണ്ടായിരുന്നുവെന്ന് അംഗീകരിക്കുന്നതായും രഞ്ജിത് വ്യക്തമാക്കി.