പ്രേമലു എന്ന ഒരൊറ്റ സിനിമയുടെ വിജയത്തിലൂടെ തെന്നിന്ത്യയിലാകെ പ്രിയങ്കരിയായി മാറിയ നടിയാണ് മമിത ബൈജു. സിനിമയുടെ വന്‍ വിജയത്തിന് ശേഷം താരത്തെ തേടി ഒട്ടേറെ ഓഫറുകളെത്തിയിരുന്നു. പുറത്തിറങ്ങാനുള്ള സിനിമകളില്‍ പ്രദീപ് രംഗനാഥനൊപ്പമുള്ള ഡൂഡ് ഏറെ പ്രതീക്ഷകളുള്ള സിനിമയാണ്. ദീപാവലി റിലീസായാണ് സിനിമ എത്തുന്നത്.
താന്‍ രജനീകാന്തിനെ മനസില്‍ കണ്ടെഴുതിയ സിനിമയാണ് ഡൂഡ് എന്നാണ് സിനിമയുടെ സംവിധായകനായ കീര്‍ത്തിശ്വരന്‍ പറയുന്നത്. രജനീകാന്ത് 30 വയസുകാരനാണെങ്കില്‍ എങ്ങനെയുണ്ടാകും അങ്ങനെ ചിന്തിച്ചാണ് സിനിമയുടെ തിരക്കഥയെഴുതിയത്. ഇന്ന് സിനിമ ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ പ്രദീപാണ്. പ്രേമലു ഇറങ്ങും മുന്‍പ് തന്നെ മമിതയെ തിരെഞ്ഞെടുത്തിരുന്നു. സൂപ്പര്‍ ശരണ്യ കണ്ടാണ് കാസ്റ്റ് ചെയ്തത്.
മമിത കൂടി വന്നതോടെ രജനീകാന്തും ശ്രീദേവിയും എങ്ങനെയാകുമോ അങ്ങനെയാണ് സിനിമ വന്നിട്ടുള്ളത്. ഡൂഡ് ഒരു പ്രണയകഥ മാത്രമല്ല. മാസ് എലമെന്റുകള്‍ ധാരാളമുള്ള സിനിമയാണ്. സംവിധായകന്‍ വ്യക്തമാക്കി. അതേസമയം പ്രദീപിനെയും മമിതയേയും രജനി- ശ്രീദേവി കൂട്ടുക്കെട്ടുമായി താരതമ്യം ചെയ്തതില്‍ വലിയ ട്രോളുകളാണ് സംവിധയാകന് ലഭിക്കുന്നത്. നിങ്ങള്‍ ഒരു പൊടിയ്ക്ക് അടങ്ങണം. രജനിയും ശ്രീദേവിയും എവിടെ കിടക്കുന്നു. അവരെ താരതമ്യം ചെയ്യാന്‍ മാത്രം പ്രദീപും മമിതയും വളര്‍ന്നിട്ടില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നു.