ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഇതിഹാസതാരം ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഹാസ്യതാരമായും വില്ലനായും സ്വഭാവനടനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞാടിയ താരത്തിന്റെ എഴുപത്തിനാലാം പിറന്നാളിലാണ് ആരാധകര്‍ക്ക് മുന്നിലേക്ക് ജഗതിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
നടന്‍ അജു വര്‍ഗീസാണ് ജഗതി ശ്രീകുമാര്‍ മലയാള സിനിമയില്‍ വീണ്ടും തിരിച്ചെത്തുന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഗഗനചാരി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അരുണ്‍ ചന്ദു ഒരുക്കുന്ന സോംബി സിനിമയായ വലയിലാണ് ജഗതി ഭാഗമാകുന്നത്. കെ മധു സംവിധാനം ചെയ്ത സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി നേരത്തെ അഭിനയിച്ചിരുന്നു. വിഖ്യാതനായ സ്റ്റീഫന്‍ ഹോക്കിങ്ങിനെ അനുസ്മരിക്കുന്ന വിധത്തില്‍ ചക്രകസേരയില്‍ ഇരിക്കുന്ന ജഗതിയുടെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 2012 മാര്‍ച്ച് 19ന് പുലര്‍ച്ചെ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ അപകടത്തിലാണ് ജഗതിക്ക് ഗുരുതരമായി പരിക്കേറ്റത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാത പാണാമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു.