Mohanlal, Jailer 2: ജയ്‌ലര്‍ രണ്ടാം ഭാഗത്തിലും മോഹന്‍ലാല്‍; കൂടിക്കാഴ്ച നടത്തി സംവിധായകന്‍
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂര്‍വ്വം' എന്ന സിനിമയുടെ സെറ്റില്‍ എത്തിയാണ് നെല്‍സണ്‍ ജയിലര്‍ 2 വിന്റെ കഥ പറഞ്ഞത്
Mohanlal, Jailer 2: രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കും. ആദ്യ ഭാഗത്തിലും ലാല്‍ ഉണ്ടായിരുന്നു. അതേ കഥാപാത്രത്തെ തന്നെ രണ്ടാം ഭാഗത്തിലും മോഹന്‍ലാല്‍ അവതരിപ്പിക്കും.
മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്രോഫ് എന്നിവര്‍ ജയിലര്‍ ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. രണ്ടാം ഭാഗത്തിലെ തന്റെ വേഷത്തിന്റെ കാര്യം ശിവരാജ് കുമാര്‍ സ്ഥിരീകരിച്ചെങ്കിലും മോഹന്‍ലാല്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിരുന്നില്ല. ഇപ്പോള്‍ ഇതാ സംവിധായകന്‍ നെല്‍സണ്‍ കേരളത്തിലെത്തി മോഹന്‍ലാലിനോടു ജയ്‌ലര്‍ 2 വിന്റെ കഥ പറഞ്ഞിരിക്കുകയാണ്. ഇതോടെ ജയ്‌ലര്‍ രണ്ടാം ഭാഗത്തില്‍ ലാല്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂര്‍വ്വം' എന്ന സിനിമയുടെ സെറ്റില്‍ എത്തിയാണ് നെല്‍സണ്‍ ജയിലര്‍ 2 വിന്റെ കഥ പറഞ്ഞത്. മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തിനു ആദ്യ ഭാഗത്തേക്കാള്‍ ദൈര്‍ഘ്യം രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജയിലര്‍ 1 ല്‍ ലാലിന്റെ കഥാപാത്രം ഏറെ കൈയടികള്‍ വാരിക്കൂട്ടിയിരുന്നു.