Publish Date: Thu, 02 Jul 2020 (15:54 IST)
Updated Date: Thu, 02 Jul 2020 (15:56 IST)
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകനാകുന്നു. ഇതിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. തിരക്കഥ ആരാണെന്ന കാര്യം അറിവായിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു സത്യന്‍ അന്തിക്കാട്. ആ സമയത്താണ് കൊവിഡ് നിയന്ത്രണങ്ങള്‍ വന്നത്. മമ്മൂട്ടിയെ നായകനാക്കി ആലോചിച്ച സിനിമ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉടന്‍ ചെയ്യാനാകുമോ എന്ന കാര്യത്തില്‍ വ്യക്‍തത വന്നിട്ടില്ല.
ആ സിനിമ തള്ളിപ്പോകുകയാണെങ്കില്‍ സത്യന്‍ അന്തിക്കാടിന്‍റെ അടുത്ത സിനിമയില്‍ ജയറാമായിരിക്കും നായകന്‍. 2010ല്‍ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ ആണ് സത്യനും ജയറാമും ഒടുവില്‍ ഒരുമിച്ച സിനിമ. അതിന് ശേഷം 10 വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ അതേ കൂട്ടുകെട്ടില്‍ ഒരു സിനിമ വരുന്നു എന്നത് ചലച്ചിത്രപ്രേമികള്‍ക്ക് ആഹ്ലാദമുണര്‍ത്തുന്ന ഒരു വാര്‍ത്തയാണ്.
ഭാഗ്യദേവത, മനസ്സിനക്കരെ, യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, കൊച്ചുകൊച്ചു സന്തോഷങ്ങള്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, തൂവല്‍ക്കൊട്ടാരം, മൈഡിയര്‍ മുത്തച്ഛന്‍, സന്ദേശം, കനല്‍ക്കാറ്റ്, എന്നും നന്‍മകള്‍, തലയണമന്ത്രം, മഴവില്‍ക്കാവടി, അര്‍ത്ഥം, പൊന്‍മുട്ടയിടുന്ന താറാവ് എന്നിവയാണ് സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ ജയറാം അഭിനയിച്ച ചിത്രങ്ങള്‍.