ദേവ് ഡി, സിന്ദഗി നാ മിലേഗി ദൊബാര, യേ ജവാനി ഹേ ദിവാനി തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ഇന്ത്യക്കാര്‍ക്ക് സുപരിചിതയായ നടിയാണ് കല്‍കി കൊച്ച്‌ലിന്‍. ഫ്രഞ്ച് പൗരയാണെങ്കിലും ഇന്ത്യന്‍ സിനിമയില്‍ ഏറെക്കാലമായി തിളങ്ങിനില്‍ക്കുന്ന താരമാണ് കല്‍ക്കി. ഒട്ടേറെ പുരസ്ജാരങ്ങള്‍ നേടിയിട്ടുള്ള കല്‍ക്കി ഇതാ ഒരു അവാര്‍ഡ് ഷോയ്ക്കായി പോയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.
അലീന ഡിസക്ട്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കി ഇക്കാര്യം തുറന്ന് പറഞ്ഞത്. താന്‍ വന്ന കാറിന്റെ പേരില്‍ അവാര്‍ഡ് പരിപടിയിലേക്ക് തനിക്ക് പ്രവേശനം നഷ്ടമായെന്നാണ് കല്‍ക്കി പറയുന്നത്. വര്‍ഷങ്ങളായി ഫിലിം ഫെയര്‍ അവാര്‍ഡിന് ഞാന്‍ പോയിരുന്നത് എന്റെ സ്വിഫ്റ്റ് കാറിലായിര്‍ന്നു. ഒരിക്കല്‍ ആ കാര്‍ പരിപാടി നടക്കുന്ന സ്ഥലത്തെത്തുന്നതിന് മുന്‍പെ നിര്‍ത്തിക്കുകയും അവിടേക്ക് കടത്തിവിടാതിരിക്കുകയും ചെയ്തു. ഒടുവില്‍ ക്ഷണക്കത്ത് കാണിച്ച് ഞാനാണ് ഇതെന്ന് പറയേണ്ടി വന്നു. ബോളിവുഡിന്റെ ഈ പ്രതിച്ഛായ നിര്‍മാണത്തിന്റെ ഭാഗമായാണ് കാര്‍ ഇത്തരത്തില്‍ തടഞ്ഞതെന്നാണ് താരം പറയുന്നത്. ഔഡി കാറില്‍ മാത്രം സഞ്ചരിക്കുകയും വിലകൂടിയ ഫ്‌ളാറ്റുകള്‍ താമസിക്കുകയും ചെയ്യുന്നവരാണ് താരങ്ങളെന്ന ധാരണ ബോളിവുഡ് ഉണ്ടാക്കുന്നു. ഔഡി കാറില്‍ സഞ്ചരിക്കുകയും എന്നാല്‍ വണ്‍ ബിഎച്ച്‌കെയില്‍ താമസിക്കുകയും ചെയ്യുന്നവരെ എനിക്കറിയാം. ഇങ്ങനെ പുറത്ത് ഒരു ഇമേജും ശരിക്കും മറ്റൊരു ജീവിതവും ഉള്ളവരുണ്ട്. കല്‍ക്കി കൊച്‌ലിന്‍ പറയുന്നു.