ജോലി സമയം എട്ട് മണിക്കൂറാക്കണമെന്ന ദീപിക പദുക്കോണിന്റെ നിലപാടിന് പിന്തുണയുമായി നടിയും സംവിധായകയുമായ കൊങ്കണ സെൻ ശർമ. ദീപിക പുരോഗമന ചിന്താക്കാരിയാണെന്നും അവരെ പോലെ കൂടുതൽ പേരെയാണ് നമുക്ക് ആവശ്യമെന്നും കൊങ്കണ പറഞ്ഞു.
നേരത്തെ എട്ട് മണിക്കൂർ ഷിഫ്റ്റിൽ അംഗീകരിക്കാതെ വന്നതോടെ ദീപികയെ പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്നും മാറ്റിയിരുന്നു. ശേഷം കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്നും ദീപിക പിന്മാറി. ഇത് വിവാദമായി. ചർച്ചകൾക്ക് കാരണമായി. ദീപികയ്‌ക്കെതിരെയായിരുന്നു പലരും നിലയുറപ്പിച്ചിരുന്നത്.
നടന്മാർ വൈകി വരികയും നടിമാർ തങ്ങളുടെ കുട്ടികളെ ഉപേക്ഷിച്ച് വന്ന് കൂടുതൽ സമയം ജോലി ചെയ്യുന്നതുമായ സാഹചര്യങ്ങൾ ഉണ്ടാകരുതെന്നും ഐക്കരയത്തിൽ സമത്വം വേണമെന്നും കൊങ്കണ ചൂണ്ടിക്കാട്ടി.
'ഇൻഡസ്ട്രിയിൽ വ്യക്തമായ ചില നിയമങ്ങളുണ്ടാകണം എന്നാണ് തോന്നുന്നത്. 14-15 മണിക്കൂറൊന്നും ജോലി ചെയ്യാനാകില്ല. 12 മണിക്കൂറിന്റെ പരിധി വേണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവധി വേണം. പ്രത്യേകിച്ചും ടെക്‌നീഷ്യന്മാർക്ക്. അത് തുല്യമായിരിക്കണം. നടന്മാർ വൈകി വരികയും നടിമാർ തങ്ങളുടെ കുട്ടികളെ ഉപേക്ഷിച്ച് വന്ന് കൂടുതൽ സമയം ജോലി ചെയ്യുന്നതുമായ സാഹചര്യങ്ങൾ ഉണ്ടാകരുത്. അതിൽ സമത്വമുണ്ടാകണം', കൊങ്കണ പറഞ്ഞു.