കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ പ്രമേയമാക്കിയ 'കുറുപ്പ്' എന്ന സിനിമ തിയറ്ററുകളിലെത്താന്‍ പോകുകയാണ്. റിലീസിനു മുന്‍പ് തന്നെ സിനിമ വിവാദങ്ങളില്‍ ഇടം പിടിച്ചു. സുകുമാര കുറുപ്പിനെ പോലൊരു കൊടും ക്രിമിനലിനെ ന്യായീകരിക്കുന്നതാണോ സിനിമയെന്ന് പല കോണുകളില്‍ നിന്നും ചോദ്യമുയര്‍ന്നു. സുകുമാരകുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ കുടുംബമാണ് അതില്‍ ഒന്നാമത്. ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകന്‍ ജിതിനും ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കുറുപ്പി'നെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍, ചാക്കോയുടെ കുടുംബം കുറുപ്പ് കണ്ടുകഴിഞ്ഞു. സുകുമാരകുറിപ്പിനെ ന്യായീകരിക്കുന്നതല്ല സിനിമയെന്നും എല്ലാവരും സിനിമ കാണണമെന്നുമാണ് ചാക്കോയുടെ മകന്‍ ഇപ്പോള്‍ പറയുന്നത്. ചിത്രത്തെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ സിനിമയ്ക്ക് അകത്ത് ഉണ്ടെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിതിന്‍ പറഞ്ഞിരിക്കുന്നത്.
'ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി കുറുപ്പ് എന്നൊരു സിനിമ ഇറങ്ങുകയാണെന്ന് ആദ്യം അറിഞ്ഞപ്പോള്‍ വളരെയധികം ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഒരുപാട് ആരാധിക്കുന്ന ദുല്‍ഖര്‍ സല്‍മാനാണ് ആ വേഷം ചെയ്യുന്നതെന്നുകൂടി അറിഞ്ഞപ്പോള്‍ ദേഷ്യവും സങ്കടവും വര്‍ധിച്ചു. പിന്നാലെ ടീസര്‍ വന്നപ്പോള്‍ ഇത് ഒരു കൊലയാളിയെ ന്യായീകരിക്കുന്ന ചിത്രമാണെന്ന് ഉറപ്പിച്ചു. അങ്ങനെ ചിത്രത്തിനെതിരെ കേസുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുമ്പോഴാണ് കുറുപ്പിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിക്കുന്നത്. ഒരിക്കലും കുറുപ്പിനെ ന്യായീകരിക്കുന്ന സിനിമയല്ല ഇതെന്ന് അവര്‍ പറഞ്ഞു. ഞങ്ങളെ അത് ബോധ്യപ്പെടുത്തുന്നതിനായി സിനിമകാണിക്കാം എന്ന് അവര്‍ ഉറപ്പു നല്‍കി. അങ്ങനെ ഞങ്ങള്‍ എറണാകുളത്ത് പോയി സിനിമ കണ്ടു. ആ സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി വായിച്ചറിഞ്ഞതിനേക്കാള്‍ അധികം കാര്യങ്ങള്‍ അതില്‍ ഉണ്ട്. ലോകം അറിയേണ്ട കാര്യമാണ് അതെല്ലാം. സുകുമാരകുറിപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ അല്ല സിനിമ ചെയ്തിരിക്കുന്നത്. പൂര്‍ണമായും യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സിനിമ. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ മുന്‍പ് എനിക്ക് അവരോടുണ്ടായിരുന്ന ദേഷ്യമൊക്കെ മാറി,' ജിതിന്‍ ചാക്കോ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.