തെന്നിന്ത്യന്‍ സിനിമയിലെ ഇതിഹാസ നടിയായിരുന്ന ബി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. ബെംഗളുരു മല്ലേശ്വരത്തെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1955ല്‍ തന്റെ പതിനേഴാം വയസില്‍ അഭിനയജീവിതം ആരംഭിച്ച സരോജദേവി തമിഴിയിലെയും തെലുങ്കിലെയും പ്രമുഖ താരമായിരുന്നു. 1985ല്‍ എംജിആറിനൊപ്പം ചെയ്ത നാടോടിമന്നന്‍ എന്ന സിനിമയിലൂടെയാണ് സരോജദേവി തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയത്. അഭിനയസരസ്വതിയെന്നും കന്നഡത്ത് പങ്കിളിയെന്നും സരോജദേവി വിശേഷിക്കപ്പെട്ടിരുന്നു.
കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ സരോജദേവി അഭിനയിച്ചു. 29 വര്‍ഷക്കാലത്തോളം തുടര്‍ച്ചയായി നായികനടിയായി 161 ചിത്രങ്ങളില്‍ സരോജദേവി വേഷമിട്ടു. ഇത് ഇന്നും ഇന്ത്യന്‍ സിനിമയില്‍ തിരുത്തപ്പെടാത്ത റെക്കോര്‍ഡാണ്. 1969ല്‍ രാജ്യം പത്മശ്രീയും 1992ല്‍ പത്മഭൂഷണും നല്‍കി സരോജദേവിയെ ആദരിച്ചു. കന്നഡയില്‍ രാക് കുമാറിന്റെയും തെലുങ്കില്‍ എന്‍ടിആറിന്റെയും തമിഴില്‍ ശിവാജി ഗണേശന്‍, എംജിആര്‍ എന്നിവരുടെയും നിരവധി സിനിമകളില്‍ നായികയായി. 2019ല്‍ പുനീത് രാജ് കുമാര്‍ സിനിമയായ സാര്‍വ ഭൗമയിലാണ് അവസാനമായി അഭിനയിച്ചത്.