വിംബിള്‍ഡന്‍ കിരീടനേട്ടം ആദ്യമായി സ്വന്തമാക്കി എട്ടാം സീഡും പോളണ്ട് താരവുമായ ഇഗ സ്വിറ്റെക്. ഒരു ഗെയിം പോലും നഷ്ടപ്പെടുത്താതെ 6-0,6-0 എന്ന സ്‌കോറിനാണ് പതിമൂന്നാം സീഡായ അമേരിക്കയുടെ അമാന്‍ഡ അനിസിമോവയെ ഇഗ തകര്‍ത്തത്. വെറും 57 മിനിറ്റ് നേരം മാത്രമാണ് മത്സരം നീണ്ടുനിന്നത്. 1911ന് ശേഷം ഇതാദ്യമായാണ് വിംബിള്‍ഡന്‍ ഫൈനല്‍ ഇങ്ങനെ ഒരു സ്‌കോറിന് അവസാനിക്കുന്നത്. 1988ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിന് ശേഷം ആദ്യമായാണ് ഫൈനല്‍ സ്‌കോര്‍ ഇത്തരത്തില്‍ അവസാനിക്കുന്നത്.
പുരുഷ, വനിതാ വിഭാഗങ്ങളില്‍ നിന്നും വിംബിള്‍ഡണ്‍ വിജയിക്കുന്ന ആദ്യ പോളണ്ട് ടെന്നീസ് താരമാണ് ഇഗ. കരിയറിലെ ആറാം ഗ്രാന്‍സ്ലാം കിരീടമാണ് ഇഗ സ്വന്തമാക്കിയത്. ഇതുവരെ കളിച്ച 6 ഫൈനലുകളിലും ഇഗ തന്നെയാണ് വിജയിച്ചത്. കരിയറിലെ 23മത്തെ കിരീടം കൂടിയായിരുന്നു ഇത്. വിജയത്തോടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ഇഗയ്ക്ക് സാധിച്ചു.