Sandra Thomas: കോടതി കള്ളം പറഞ്ഞതാണെന്ന് പറയുമോ ഇനി?; സാന്ദ്ര തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ
നിർമാതാക്കളായ ബി രാകേഷ്, ജി സുരേഷ് കുമാർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് സാന്ദ്രയ്‌ക്കെതിരെ രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തുവന്നത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് സമർപ്പിച്ച ഹർജി കോടതി തള്ളിയതിന് പിന്നാലെ പ്രതികരിച്ച് സംഘടനാ ഭാരവാഹികൾ. നിർമാതാക്കളായ ബി രാകേഷ്, ജി സുരേഷ് കുമാർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് സാന്ദ്രയ്‌ക്കെതിരെ രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തുവന്നത്.
സാന്ദ്രയുടെ മൂന്ന് ഹർജികളും തള്ളിയതോടെ അവർ ഉന്നയിച്ച കാര്യങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞുവെന്ന് ബി രാകേഷ് പറഞ്ഞു. ബൈലോ പ്രകാരമാണ് തങ്ങൾ നാമനിർദേശ പത്രിക തള്ളിയിരുന്നതെന്നും, എല്ലാ കാര്യങ്ങളും നിയമപ്രകാരമാണ് ചെയ്തതെന്നും ജി സുരേഷ് കുമാർ പ്രതികരിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ സാന്ദ്രയുടെ അസഹിഷ്ണുതയാണെന്നും ഇനി കോടതി കള്ളം പറഞ്ഞതാണെന്ന് പറയുമോ എന്നും ലിസ്റ്റിൻ സ്റ്റീഫൻ ചോദിച്ചു.
സംഘടനയുടെ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്ര തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ നിർമിക്കണമെന്ന് മാനദണ്ഡം ഉണ്ടായിരുന്നു. എന്നാൽ ലിറ്റിൽ ഹാർട്‌സ്, നല്ല നിലാവുള്ള രാത്രി എന്നീ രണ്ട് ചിത്രങ്ങൾ മാത്രമാണ് സാന്ദ്രയുടെ നിലവിലെ പ്രൊഡക്ഷൻ ഹൗസായ 'സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ' കീഴിൽ നിർമിച്ചിരിക്കുന്നതെന്ന് കാണിച്ച് അസോസിയേഷൻ പത്രിക തള്ളുകയായിരുന്നു.