ഓണം കളറാക്കാന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് 'ലോക'യും 'ഹൃദയപൂര്‍വ'വും. ഈ രണ്ട് സിനിമകളും ഈ ഓണത്തിന് തിയേറ്ററുകള്‍ പൂരപ്പറമ്പാക്കുമെന്ന കാര്യത്തിൽ സംശയമില്ല. മോഹന്‍ലാലും, സത്യന്‍ അന്തിക്കാടും, കല്യാണി പ്രിയദര്‍ശനും, നസ്‌ലിനുമൊക്കെ തിയേറ്ററിലെത്തുന്ന പ്രേക്ഷകരെ ചിരിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യും.
സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വം', കല്യാണി പ്രിയദര്‍ശന്‍ - നസ്‌ലെന്‍ ചിത്രം 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തി പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷത്തെ ആദ്യ ഓണം റിലീസുകള്‍ കൂടിയാണ് ഈ ചിത്രങ്ങള്‍. പുത്തന്‍ റിലീസുകള്‍, ഈ ഓണത്തിന് പ്രേക്ഷകരുടെ മനസ്സ് നിറയ്‌ക്കുമെന്നാണ് പ്രതീക്ഷ.
രണ്ട് ചിത്രങ്ങളും മികച്ച സ്വീകാര്യതയോടെയും ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിംഗോടെയും ആരംഭിച്ചതോടെ തിയേറ്ററിൽ അക്ഷരാർത്ഥത്തിൽ ഓണത്തല്ല് ആരംഭിച്ചു. ആദ്യ ദിന പോരാട്ടത്തിൽ മോഹൻലാൽ നായകനായ ചിത്രം വിജയിച്ചു. ഇന്ത്യയിൽ ഏകദേശം 4 കോടി ഗ്രോസ് കളക്ഷൻ ആണ് ഹൃദയപൂർവ്വം നേടിയത്.
ലോക ഹൃദയപൂർവ്വത്തിന് വലിയൊരു മത്സരം തന്നെയാണ് കാഴ്ച വെച്ചത്. പോസിറ്റീവ് റിപ്പോർട്ട് വന്ന ഒരു മോഹൻലാൽ ചിത്രവുമായി ഏറ്റുമുട്ടിയിട്ടും, ലോക ഇന്ത്യയിൽ ഏകദേശം 3 കോടി ഗ്രോസ് നേടിയതായാണ് റിപ്പോർട്ടുകൾ.
'ഹൃദയപൂർവ്വം' എന്ന ചിത്രം ആദ്യ ദിനത്തിൽ മികച്ച കളക്ഷൻ നേടിയിട്ടുണ്ടെങ്കിലും, വാരാന്ത്യം പുരോഗമിക്കുമ്പോൾ 'ലോകാ ചാപ്റ്റർ 1' ന്റെ സ്ഥിരതയ്ക്ക് ആക്കം കൂട്ടാൻ കഴിയുമെന്ന് ട്രേഡ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.