'Lokah - Chapter 1, Chandra' Review: മലയാളത്തിനു സാധ്യതകളുടെ ലോകം തുറന്ന് 'ലോകഃ', ദുല്‍ഖറിനു നന്ദി; ഞെട്ടിച്ച് കല്യാണി
Lokah Review in Malayalam: മലയാളത്തിലെ ആദ്യ വുമണ്‍ സൂപ്പര്‍ഹീറോയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്ന ചന്ദ്ര
'Lokah - Chapter 1, Chandra' Review: ഫാന്റസി ഴോണറില്‍ സിനിമയൊരുക്കുമ്പോള്‍ ഏറ്റവും ശ്രമകരമായ ദൗത്യം 'സൂപ്പര്‍ ഹീറോസി'ന്റെ 'സൂപ്പര്‍ പവറുകള്‍' പ്രേക്ഷകരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കുകയാണ്. പത്ത് നില കെട്ടിടത്തിനു മുകളിലേക്ക് പറന്നുകയറുന്ന സൂപ്പര്‍ഹീറോയെ സ്‌ക്രീനില്‍ കാണുമ്പോള്‍ പ്രേക്ഷകനു തോന്നണം 'അയാള്‍ക്കു അത് സാധ്യമാകും' എന്ന്. ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ലോകഃ - ചാപ്റ്റര്‍ 1, ചന്ദ്ര'ക്ക് ഏറെക്കുറെ അത് സാധ്യമായി. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ മലയാള സിനിമയ്ക്കു വലിയ സാധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് 'ചന്ദ്ര' അവസാനിക്കുന്നത്. നിര്‍മാതാക്കളായ വേഫറര്‍ ഫിലിംസിനു കൈയടി..!
മിത്തുകളും ഐതിഹ്യങ്ങളും വേണ്ടുവോളമുള്ള ഒരു ലോകത്താണ് നാം ജീവിക്കുന്നത്. അത്തരത്തില്‍ മലയാളിക്ക് സുപരിചിതമായ പ്രേതകഥകളെ 'ലോകഃ' എന്നൊരു ഫാന്റസി ലോകത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ സിനിമയില്‍. നാല് ചാപ്റ്ററുകളുള്ള സിനിമയില്‍ ആദ്യ ചാപ്റ്റര്‍ മാത്രമാണ് കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രമായെത്തുന്ന 'ചന്ദ്ര'. ആദ്യ പകുതി 'ലോകഃ' എന്നൊരു യൂണിവേഴ്‌സിനെ പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തുകയാണ്. ബെംഗളൂരുവിലാണ് കഥ നടക്കുന്നത്. അസാധാരണത്വമോ സംശയമോ തോന്നാതെ ഇവിടെ ജീവിക്കുകയാണ് ചന്ദ്ര. അവിടെ വെച്ച് ചന്ദ്രയുടെ ജീവിതത്തിലേക്ക് മൂന്ന് യുവാക്കള്‍ കയറിവരുന്നു. പിന്നീടങ്ങോട്ട് ചന്ദ്രയുടെ ലോകം വികസിക്കുന്ന കഥ പറച്ചിലാണ് സിനിമയുടേത്.
മലയാളത്തിലെ ആദ്യ വുമണ്‍ സൂപ്പര്‍ഹീറോയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്ന ചന്ദ്ര. ഈ സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവ് ഫാക്ടറും കല്യാണിയാണ്. സിനിമയിലുടനീളം തന്റെ എനര്‍ജറ്റിക് പെര്‍ഫോമന്‍സ് കൊണ്ട് പ്രേക്ഷകരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ കല്യാണിക്കു സാധിച്ചു. നസ്ലന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരുടെ പ്രകടനങ്ങളും മികച്ചുനിന്നു.
സിനിമ രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ ഇതേ ഫാന്റസി വേള്‍ഡില്‍ നിന്നുകൊണ്ട് തന്നെ ഒരു പ്രതിനായക കഥാപാത്രത്തെ പ്ലേസ് ചെയ്യുന്നുണ്ട്. തുല്യ ശക്തികള്‍ക്കിടയിലെ ഗുഡ് വേഴ്‌സസ് ഈവിള്‍ (Good vs Evil) കോണ്‍ഫ്‌ളിക്ട് അടുത്ത ഭാഗത്തേക്കുള്ള ഇന്‍വെസ്റ്റ്‌മെന്റ് എന്ന നിലയിലാണ് 'ചന്ദ്ര'യില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിനെ ബില്‍ഡ് ചെയ്തുകൊണ്ടുവരുന്നതും പ്രേക്ഷകരില്‍ അതിഭാവുകത്വം തോന്നിപ്പിക്കാതെ അവതരിപ്പിക്കുന്നതിലും ചിത്രം പൂര്‍ണ വിജയമാണ്. വര്‍ഷങ്ങളായി മലയാളി ആവര്‍ത്തിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഫോക് ലോര്‍ കഥാപാത്രങ്ങളെ മോഡേണ്‍ ആയ യൂണിവേഴ്‌സിലേക്ക് ബ്ലെന്‍ഡ് ചെയ്യുകയും എന്നാല്‍ അപ്പോള്‍ ഉണ്ടാകേണ്ടിയിരുന്ന സങ്കീര്‍ണതകളെ പ്രേക്ഷകരില്‍ കെട്ടിവയ്ക്കാതെയുമാണ് ചിത്രം അവസാനിക്കുന്നത്.
ചിത്രത്തില്‍ ശബ്ദംകൊണ്ട് മാത്രം സാന്നിധ്യമറിയിച്ച ഒരു കാമിയോ ഉണ്ട്, മിന്നായം പോലെ കണ്ടുപോയ കാമിയോ കഥാപാത്രങ്ങളുണ്ട്, ഒന്നിലേറെ സീനുകളില്‍ കാണിച്ച കാമിയോ വേഷങ്ങളുണ്ട്. അതില്‍ ഒന്നുപോലും 'ലോകഃ'യില്‍ ഏച്ചുകെട്ടലോ അനാവശ്യമോ ആയി പ്രേക്ഷകര്‍ക്കു തോന്നില്ല. അവിടെയെല്ലാം തിരക്കഥയും സംവിധാനവും പൂര്‍ണമായി വിജയിച്ചിട്ടുണ്ട്. ഫാന്റസി ഴോണര്‍ ഇഷ്ടപ്പെടാത്ത പ്രേക്ഷകരെ പോലും പിടിച്ചിരുത്തുന്ന രീതിയിലാണ് സ്റ്റോറി ബില്‍ഡിങ് എന്നതും എടുത്തുപറയേണ്ടതാണ്.
സാങ്കേതികമായും വളരെ മികവ് പുലര്‍ത്തുന്ന ചിത്രമാണ് 'ലോകഃ'. അതില്‍ എടുത്തുപറയേണ്ടത് ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും നിമിഷ് രവിയുടെ ഛായാഗ്രഹണവുമാണ്. പ്രധാന കഥാപാത്രങ്ങള്‍ക്കു തുടങ്ങി ഓരോ കാമിയോ കഥാപാത്രങ്ങള്‍ക്കു വരെ ജോക്‌സ് നല്‍കുന്ന പശ്ചാത്തല സംഗീതം സിനിമയുടെ മൂഡില്‍ പ്രേക്ഷകരെ കൂടുതല്‍ പിടിച്ചിരുത്തുന്നതാണ്. ചമന്‍ ചാക്കോയുടെ എഡിറ്റിങ്ങും മികവ് പുലര്‍ത്തി.
പ്രായഭേദമന്യേ എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര'യുടെ അവതരണം. തിയറ്റര്‍ വാച്ച് ഡിമാന്‍ഡ് ചെയ്യുന്ന വിഷ്വല്‍ ട്രീറ്റ് കൂടിയാണ് ഇത്. (ചില വയലന്‍സ് രംഗങ്ങള്‍ ഒഴിച്ചാല്‍ കുട്ടികള്‍ക്കും ആസ്വദിക്കാവുന്ന ചിത്രം)