ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വിജയമാവുകയാണ്. കൊത്ത ലോക (പുതിയ ലോകം) എന്ന പേരിലാണ് തെലുങ്ക് വേര്‍ഷന്‍ പ്രദര്‍ശനത്തിനെത്തിയത്. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ സിതാര എന്റര്‍ടെയ്ന്മെന്റ്‌സാണ് ലോകയെ തെലുങ്കിലെത്തിച്ചത്.
ആദ്യ ഷോ അവസാനിച്ചതിന് പിന്നാലെ ലോകയെ തെലുങ്ക് പ്രേക്ഷകരും ഏറ്റെടുത്തു. സിനിമയുടെ ബജറ്റ് ആണ് തെലുങ്ക് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നത്. മിനിമം 200 കോടി ബജറ്റില്‍ പല പാന്‍ ഇന്ത്യന്‍ സിനിമകളും പുറത്തിറങ്ങുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയിലെ സിനിമാ പ്രേമികള്‍ക്ക് ലോകയുടെ ബജറ്റ് വിശ്വസിക്കാനാകാത്തതായിരുന്നു.
ലോകയെക്കുറിച്ച് സിതാര എന്റര്‍ടെയ്ന്മെന്റ്‌സ് സിഇഒ നാഗവംശി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദുല്‍ഖര്‍ കാരണം ഞങ്ങളെപ്പോലുള്ള തെലുങ്ക് നിര്‍മാതാക്കള്‍ ആവശ്യമില്ലാതെ ചീത്ത കേള്‍ക്കുകയാണ് എന്നദ്ദേഹം പറഞ്ഞു.
'ഇന്റര്‍നെറ്റില്‍ ഞങ്ങളെ എല്ലാവരും ഒരുപോലെ വിമര്‍ശിക്കുകയാണ്. 30 കോടി ചെലവാക്കി ഇന്റര്‍നാഷണല്‍ ക്വാളിറ്റിയുള്ള ഇത്തരം സിനിമകള്‍ ചെയ്ത് 100 കോടിയൊക്കെ പുഷ്പം പോലെ നേടുകയാണ്. തെലുങ്കില്‍ പലപ്പോഴും അനാവശ്യമായി ബജറ്റ് കൂട്ടുന്നു എന്നാണ് ഞങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം. നിമിഷ്, ദുല്‍ഖര്‍, വെങ്കി എല്ലാവരും ഇപ്പോള്‍ ഇവിടെയുണ്ട്.
ലക്കി ഭാസ്‌കര്‍ നിര്‍മിക്കാന്‍ എത്ര ചെലവായി എന്ന് ചുമ്മാ ഒന്ന് അന്വേഷിച്ചാല്‍ മതിയാകും. ആ സിനിമയില്‍ ബാങ്കിന്റെ സെറ്റ് ഇടാന്‍ എത്ര ചെലവായെന്ന് ഞങ്ങള്‍ക്കേ അറിയുള്ളൂ. നിങ്ങളെങ്ങനെയാണ് 30 കോടിക്ക് ഇത്രയും ക്വാളിറ്റിയുള്ള പടങ്ങള്‍ ചെയ്യുന്നത്? വെങ്കിയായാലും നാഗ് അശ്വിനായാലും തെലുങ്കിലെ വിലപിടിപ്പുള്ള സംവിധായകരാണ്. ഓരോ സിനിമയും നിര്‍മിക്കാനുള്ള പാട് അവര്‍ക്ക് അറിയാം"- നാഗവംശി പറഞ്ഞു.