കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃനിരയിലെ മാറ്റത്തിൽ തുറന്നുപറച്ചിലുമായി മോഹൻലാൽ. അമ്മ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ രാജിവച്ചതിന് പിന്നാലെയാണ് ശ്വേത മേനോൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് ആദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്.
അമ്മയിലെ അംഗങ്ങളുടെ ആഗ്രഹപ്രകാരമാണ് പുതിയ നേതൃനിരയെ കൊണ്ടുവന്നിരിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. അതിൽ പുരുഷൻമാരും സ്ത്രീകളുമുണ്ട്. അതിന്റെ പ്രധാന പോസ്റ്റിലേക്ക് സ്ത്രീകൾ വന്നു, നല്ല കാര്യമല്ലേ അതെന്നും മോഹൻലാൽ ചോദിച്ചു. ട്വന്റി ഫോറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
"ഇങ്ങനെയൊരു സംഘടനയെ അവർക്കും നയിക്കാൻ പറ്റി. ഇത് വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള സംഘടനയൊന്നുമല്ല. 560 പേരുള്ള ഒരു സംഘടനയാണ്, ഒരു കുടുംബമാണ്. ഒരു സിസ്റ്റത്തിൽ പോയിക്കൊണ്ടിരിക്കുന്നതാണ്. അപ്പോൾ അതിൽ നമ്മളുമൊക്കെ ആലോചിച്ചിട്ടാണ് അവർ കാര്യങ്ങളൊക്കെ ചെയ്യുന്നത്. നമ്മളെല്ലാവരും അവരുടെ കൂടെ തന്നെയുണ്ട്.
അതൊരു കുടുംബം പോലെയാണ്. ഇതിന്റെയിടയിൽ നമ്മളറിയാതെ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. കുറച്ചൊക്കെ അതിനെ ഊതിപ്പെരുപ്പിച്ച് കാണിക്കാൻ ആളുകൾ ശ്രമിച്ചു. അതെല്ലാം മാറി. ഇവിടെ മാത്രമല്ലല്ലോ, എല്ലായിടത്തും സംഭവിക്കുന്നതാണ്. സിനിമയായതു കൊണ്ട് അതിനൊരു പ്രത്യേകതയുണ്ടാകുന്നു. ഇന്ത്യയിൽ ഇങ്ങനെയൊരു പ്രസ്ഥാനമില്ല, സിനിമയിൽ അങ്ങനെയൊരു പ്രസ്ഥാനമില്ല. അത് ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ".- മോഹൻലാൽ പറഞ്ഞു.