എമ്പുരാന് സിനിമയുടെ നിര്‍മാണത്തില്‍ നിന്നും ലൈക പ്രൊഡക്ഷന്‍സ് പിന്മാറിയതിനെ തുടര്‍ന്ന് ഗോകുലം ഗോപാലന്‍ സിനിമയുടെ നിര്‍മാണ പങ്കാളിയായ വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ലൈക നിര്‍മിച്ച സിനിമകളായ ഇന്ത്യന്‍2, വിടാമുയര്‍ച്ചി എന്നിവ ബോക്‌സോഫീസില്‍ തകര്‍ന്നതോടെ ആശിര്‍വാദും ലൈക്കയും തമ്മില്‍ കൈക്കോര്‍ക്കുന്നത് ആശങ്കയോടെ കണ്ട ഒട്ടേറെ ആരാധകര്‍ ഉണ്ടായിരുന്നു. ആശങ്കകള്‍ അസ്ഥാനത്തല്ല എന്ന് തെളിയിക്കുന്നതായിരുന്നു എമ്പുരാന് പിന്നീടുണ്ടായ നിര്‍മാണ പ്രതിസന്ധി.
എമ്പുരാന്‍ സിനിമയില്‍ നിന്നും ലൈക്ക ഒഴിവായതിന് പുറമെ നിര്‍മാണ കമ്പനി തന്നെ പൂട്ടിപോകേണ്ട അവസ്ഥയിലാണെന്നാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ കമല്‍ഹാസന്‍ സിനിമയായ ഇന്ത്യന്‍ 3യുടെ നിര്‍മാണത്തില്‍ നിന്നും ലൈക്ക പിന്മാറി. ശ്രീലങ്കന്‍ ബന്ധമുള്ള കമ്പനിയായതിനാല്‍ തന്നെ വിജയ് സിനിമയായ കത്തിയുടെ സമയത്ത് തന്നെ ലൈക്കയ്ക്ക് തമിഴ്നാട്ടില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ 10 വര്‍ഷത്തോളം നിര്‍മാണരംഗത്ത് തുടരാന്‍ ലൈക്കയ്ക്ക് സാധിച്ചിരുന്നു.
ഈ കാലയളവില്‍ കത്തി,പൊന്നിയിന്‍ സെല്‍വന്‍ എന്നീ സിനിമകള്‍ മാത്രമാണ് ലൈക്കയ്ക്ക് കാര്യമായ ലാഭം നേടികൊടുത്തത്. വലിയ പ്രതീക്ഷയില്‍ വന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിനും ഇന്ത്യന്‍ 2വിനും ബോക്‌സോഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അടുത്തിടെ വന്ന ലൈക്ക ചിത്രങ്ങളായ ലാല്‍സലാം, ചന്ദ്രമുഖി 2 എന്നിവയെല്ലാം തകര്‍ന്നടിഞ്ഞപ്പോഴും സൂപ്പര്‍ സ്റ്റാര്‍ സിനിമകളിലായിരുന്നു ലൈക്കയുടെ പ്രതീക്ഷയെല്ലാം
എന്നാല്‍ ലൈക്കയുടെ കീഴില്‍ വന്ന സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളായ ഇന്ത്യന്‍ 2,വേട്ടയ്യന്‍, വിടാമുയര്‍ച്ചി എന്നിവ നിരയായി വെച്ച അമിട്ടുകള്‍ പോലെയാണ് പൊട്ടിത്തകര്‍ന്നത്. നിര്‍മാണ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ അജിത് സിനിമ സഹായിക്കുമെന്ന പ്രതീക്ഷയും പോയതോടെയാണ് എമ്പുരാനില്‍ നിന്നും അവസാന നിമിഷം ലൈക്ക പിന്മാറിയത്. ഇന്ത്യന്‍ 3യുടെ നിര്‍മാണത്തില്‍ നിന്നും ഇതോടെ ലൈക്ക പിന്മാറി.