സ്തനാര്‍ബുദത്തെ അതിജീവിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടി മഹിമ ചൗധരി. അപ്രതീക്ഷിതമായാണ് സ്തനാര്‍ബുദം സ്ഥിരീകരിച്ചതെന്നും ലക്ഷണങ്ങളൊന്നും തന്നെ ഇല്ലായിരുന്നുവെന്നും യങ് വിമണ്‍ ബ്രെസ്റ്റ് കാന്‍സര്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ മഹിമ പറഞ്ഞു.
2022ലാണ് മഹിമയ്ക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നത്. സാധാരണ ചെക്കപ്പിന്റെ ഭാഗമായുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. സാധാരണ ചെക്കപ്പിനായാണ് പോയത്. സ്തനാര്‍ബുദം ആണെന്ന ധാരണയെ ഇല്ലായിരുന്നു. സ്വന്തമായി തിരിച്ചറിയാനാവാത്ത രോഗമാണിതെന്നും മഹിമ പറയുന്നു. ഒപ്പം എല്ലാ വര്‍ഷവും ചെക്കപ്പ് നടത്തേണ്ടതിന്റെ പ്രാധാന്യവും താരം എടുത്തുപറഞ്ഞു.
കാന്‍സറിനെതിരെ പോരാട്ടം നടത്തിയിട്ടുള്ള സഹപ്രവര്‍ത്തകര്‍ തനിക്ക് വലിയ കരുത്ത് നല്‍കിയിട്ടുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. സഞ്ജയ് ദത്ത്, ആഞ്ജലീന ജോളി എന്നിവരുടെ ജീവിതം വലിയ കരുത്ത് പകര്‍ന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്.