മലയാളത്തില്‍ സംവിധായകന്‍ വിനയന്‍ പരിചയപ്പെടുത്തിയ നായികയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ അരങ്ങേറി 20 വര്‍ഷമായെങ്കിലും ഇന്നും സിനിമകളില്‍ സജീവമാണ് ഹണി.ഇപ്പോഴിതാ ഹണി റോസ് നായികയായി എത്തിയ റേച്ചല്‍ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെ സംവിധായകന്‍ വിനയന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
താന്‍ പ്രതീക്ഷിച്ചതിലേറെ മികച്ച രീതിയിലുള്ള പ്രകടനം നടത്താന്‍ റേച്ചലില്‍ ഹണി റോസിനായിട്ടുണ്ടെന്നും വളരെ കഷ്ടപ്പെട്ട് ചെയ്യുന്ന റേച്ചല്‍ പോലുള്ള സിനിമകള്‍ ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും വിനയന്‍ പറഞ്ഞു.അതേസമയം ഹണി റോസിന്റെ സിനിമാ അരങ്ങേറ്റത്തെ പറ്റിയും വിനയന്‍ മനസ്സ് തുറന്നു. പൃഥ്വിരാജ് നായകനായ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹണിയെ കാണുന്നത്. മകളെ നായികയാക്കണമെന്ന ആഗ്രഹവുമായി ഹണിയുടെ അച്ഛനും ഒപ്പമെത്തിയിരുന്നു. അവള്‍ കുറച്ച് കൂടെ വലുതാകട്ടെ എന്ന് പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബോയ്ഫ്രണ്ടില്‍ ഹണിയെ നായികയാക്കി.
ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന നടിമാര്‍ 10 സിനിമ ചെയ്താല്‍ ലഭിക്കുന്നതിലും കൂടുതല്‍ പൈസ ഹണി ഒരു വര്‍ഷം ഉദ്ഘാടനത്തിലൂടെ ഉണ്ടാക്കുന്നുണ്ട്. വിനയന്‍ പറഞ്ഞു. ഡിസംബര്‍ ആറിന് അഞ്ച് ഭാഷകളിലായാണ് റേച്ചല്‍ റിലീസിനെത്തുന്നത്.