കനി കുസൃതിയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത സിനിമയാണ് ബിരിയാണി. നിരവധി പുരസ്കാരങ്ങൾ ലഭിച്ച സിനിമയിലെ നഗ്ന രംഗങ്ങൾ വിവാദമായി മാറിയിരുന്നു. നഗ്ന രംഗങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയുടെ കടുത്ത സൈബർ ആക്രമണം തന്നെ കനി നേരിട്ടിട്ടുണ്ട്. ഇന്നും നേരിടുന്നുണ്ടെന്നതാണ് വസ്തുത.
ബിരിയാണിയിലെ നഗ്ന രംഗങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കനിയുടെ പിതാവ് കൂടിയായ മൈത്രേയൻ. പ്രൈം സ്ട്രീം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. കനി നഗ്നത പ്രദർശിച്ചപ്പോൾ പിതാവ് എന്ന നിലയിൽ വിഷമം തോന്നിയോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മൈത്രേയൻ.
ബിരിയാണിയിലെ കനിയുടെ രംഗം മോഹൻലാൽ ഒരേസമയം 15 പേരെ ഇടിച്ചിടുന്ന രംഗം പോലെ തന്നെയാണെന്നാണ് മൈത്രേയൻ പറയുന്നത്. നഗ്‌നത തെറ്റാവുന്നത് എങ്ങനെയാണ്? അവൾ സിനിമയിൽ അഭിനയിക്കുകയാണ്. മോഹൻലാൽ 15 പേരെ ഇടിക്കുന്നത് പോലെയാണ് ആ അഭിനയവുമെന്നാണ് അദ്ദേഹം പറയുന്നത്.
''അവളെ വളർത്തി കഴിഞ്ഞതാണ്. അവൾ ഒരു വ്യക്തിയല്ലേ. അവൾ ആർക്ക് വോട്ട് ചെയ്യുന്നു എന്നത് അവളുടെ ലോകമല്ലേ. ബിരിയാണിയിൽ ഉള്ളത് ന്യൂഡ് വിഡിയോ ഒന്നുമല്ല. അവളും ഭർത്താവും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതാണ് കാണിക്കുന്നത്. അതിലെന്താണ് തെറ്റ്. നഗ്‌നത തെറ്റാവുന്നത് എങ്ങനെയാണ്? അവൾ സിനിമയിൽ അഭിനയിക്കുകയാണ്. മോഹൻലാൽ 15 പേരെ ഇടിക്കുന്നത് പോലെയാണ് ആ അഭിനയവും. അയാൾക്ക് 15 പേരെ ഇടിക്കാൻ ഒക്കത്തില്ലെന്ന് എനിക്കറിഞ്ഞൂടേ.
ലൈംഗികത തെറ്റാവുന്നത് എങ്ങനെയാണ്. ഇവിടെ മാറ് മറച്ചത് 100 വർഷം മുൻപാണ്. അപ്പോൾ അതിന് മുൻപുള്ള ഭർത്താക്കൻമാരും അച്ഛൻമാരും സഹോദരൻമാരും എവിടെയാ നോക്കി കൊണ്ടിരുന്നത്. മാറ് കണ്ടാൽ എന്ത് സംഭവിക്കുമെന്നാണ് ഇയാൾ പറയുന്നത്. 15 പേരെ ഇടിച്ചിടുന്ന കഥയാണെന്ന് അറിയുന്നത് പോലെ കാണാൻ കഴിയുന്ന ഒരു കഥയാണിത്. അവൾ അഭിനയിക്കുകയല്ലേ നന്നായി അഭിനയിച്ചോ എന്ന് മാത്രമാണ് നോക്കേണ്ടത്', അദ്ദേഹം പറഞ്ഞു.