Mamitha Baiju: 'അന്യഭാഷാ സിനിമകളിൽ അഭിനയിക്കുമ്പോൾ അഭിനേതാക്കളോട് വിവേചനം കാണിക്കില്ല': തമിഴിൽ സജീവമായതിന്റെ കാരണം പറഞ്ഞ് മമിത
സിനിമ ഇന്ന് റിലീസ് ചെയ്യും.
മലയാളത്തിന് പുറമേ തമിഴകത്തും സജീവമായിരിക്കുകയാണ് നടി മമിത ബൈജു. പ്രേമലുവിന്റെ വിജയത്തിന് പിന്നാലെയാണ് നടിയുടെ സമയം തെളിഞ്ഞത്. പ്രദീപ് രംഗനാഥനൊപ്പമെത്തുന്ന ഡ്യൂഡ് ആണ് മമിതയുടേതായി റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം. സിനിമ ഇന്ന് റിലീസ് ചെയ്യും.
ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ മമിതയും അണിയറപ്രവർത്തകരും. തമിഴിൽ നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നത് കൊണ്ടാണ് കൂടുതലും തമിഴ് സിനിമകൾ ചെയ്യുന്നതെന്ന് മമിത പറഞ്ഞു. അന്യഭാഷാ സിനിമകളുടെ സെറ്റിൽ വിവേചനം നേരിടാറില്ലെന്നും മമിത വ്യക്തമാക്കി.
ഡ്യൂഡിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കവേയാണ് മമിത ഇക്കാര്യം പറഞ്ഞത്. "അന്യഭാഷാ സിനിമകളിൽ അഭിനയിക്കുമ്പോൾ അഭിനേതാക്കളോട് വിവേചനം കാണിക്കുന്നതായി തോന്നിയിട്ടില്ല. എനിക്ക് ആകെപ്പാടെ വ്യത്യാസമുള്ളതായി തോന്നിയിട്ടുള്ളത് ഭക്ഷണ കാര്യത്തിൽ മാത്രമാണ്. തമിഴ് സെറ്റിൽ തമിഴ് സ്റ്റൈലിലുള്ള ഭക്ഷണം ആയിരിക്കുമല്ലോ.
രാവിലെ ഇഡ്ഡലി, ദോശ മറ്റു തമിഴ് പലഹാരങ്ങളൊക്കെ ആയിരിക്കും. ഞാൻ അതൊക്കെ വളരെയധികം ആസ്വദിക്കാറുണ്ട്. എനിക്ക് തമിഴ് ഭക്ഷണം വളരെയിഷ്ടമാണ്. പിന്നെ ഒരു കാര്യം ഭാഷ ആണ്. എന്റെ ക്രൂ ഉൾപ്പെടെ തമിഴാണ്, മേക്കപ്പ് ആർട്ടിസ്റ്റാണെങ്കിലും ഹെയർ സ്റ്റൈലിസ്റ്റ് ആണെങ്കിലുമൊക്കെ. ഞാനും എന്റെ അസിസ്റ്റന്റ് മനോജേട്ടനും മാത്രമാണ് മലയാളം സംസാരിക്കുന്നത്.
ഇടയ്ക്ക് ഞങ്ങൾ രണ്ടു പേരും പരസ്പരം സംസാരിക്കുമ്പോഴും തമിഴ് കയറി വരും. നമ്മളെന്തിനാണ് തമിഴ് സംസാരിക്കുന്നതെന്ന് ഞങ്ങൾപ്പോൾ പരസ്പരം ചോദിക്കും. ഭാഷയുടെ ബുദ്ധിമുട്ടുകൾ ആദ്യ കാലങ്ങളിൽ ഞാൻ നേരിട്ടിരുന്നു. ചില കാര്യങ്ങൾ പറയുന്നത് മനസിലാകില്ല. പിന്നെ പോകെ പോകെ അത് ഓക്കെയായി. തമിഴിൽ ഇഷ്ടം പോലെ സിനിമകൾ ചെയ്താലും മലയാളത്തിൻറെ അത്രയും തമിഴ് ഫ്ലൂവന്റ് ആയിട്ടില്ല.
പക്ഷേ അത്യാവശ്യം തമിഴ് പഠിച്ചു. വായിക്കാനും എഴുതാനും ഒക്കെ ഞാൻ പഠിച്ചു. തമിഴ് പൊണ്ണല്ല, മലയാളി പെൺകുട്ടി തന്നെയാണ് ഞാൻ. എനിക്ക് ആ സമയത്ത് വന്നിരുന്ന പടങ്ങൾ കൂടുതൽ തമിഴ് ആണ്. കാരണം കാരക്ടേഴ്സ് അതുപോലെ വ്യത്യസ്തമായി കിട്ടിയത് തമിഴിലാണ്. കൂടുതൽ തമിഴ് സിനിമകളുടെ കഥ കേട്ടു.
വളരെ നല്ല വേഷങ്ങളായതിനാൽ അവ ചെയ്തു എന്നുമാത്രം. എനിക്ക് മലയാളം ചെയ്യാനാണ് കൂടുതൽ ആഗ്രഹം. പ്രദീപ് രംഗനാഥൻറെ ചിത്രത്തിൽ സഹകരിക്കുമ്പോൾ ഒരു സുഹൃത്തിനൊപ്പം ജോലി ചെയ്യുന്ന അനുഭവമാണുണ്ടായത്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു."– മമിത ബൈജു പറഞ്ഞു.