കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ വിവാദവുമായി ബന്ധപ്പെട്ട് നേരത്തേ മമ്മൂട്ടിക്കെതിരെ സന്ദീപ് വാര്യർ കുറിപ്പെഴുതിയിരുന്നു. പരിപാടിയുടെ സംഘാടകര്‍ അഴിമതി കാണിച്ചതിന് മമ്മൂട്ടി ഉത്തരം പറയണം, അവരെ ഉപദേശിക്കണം എന്നായിരുന്നു സന്ദീപ് ആവശ്യപ്പെട്ടത്. എന്നാൽ, വിഷയത്തിൽ സന്ദീപ് വാര്യര്‍ക്ക് സുജ കെ. എന്ന ആരാധിക എഴുതിയ മറുപടി സോഷ്യല്‍മീഡിയയില്‍ വൈറല്‍.
നിങ്ങള്‍ 10000 ബിജെപിക്കാരെക്കാള്‍ വില ഉണ്ട് മമ്മൂട്ടി എന്ന ഒറ്റ പേരിനു മലയാളികളുടെ മനസ്സില്‍. ആ മമ്മൂട്ടിയെ എന്തിന്റെ പേരില്‍ ആയാലും ജനങ്ങളെ തെറ്റി ധരിപ്പിച്ചു നിങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ആണേല്‍ നിങ്ങളുടെ ആ പരിപ്പ് ഇവിടെ കേരളത്തില്‍ നടക്കുകേലെന്ന് ആരാധിക പറയുന്നു.
മേക്കിങ് ഇന്ത്യയുടെ ഭാഗമായി 251 രൂപക്ക് മൊബൈല്‍ ഫോണ്‍ എന്ന പദ്ധതിക്ക് മോദിജിയുടെ ഫോട്ടോയും വച്ച് പരസ്യം ചെയ്ത നിങ്ങള്‍ അതില്‍ നടന്ന അഴിമതിക്ക് മോദിജിയുടെ പ്രതികരണം എന്താണെന്നു ഒരു കുറിപ്പ് എഴുതി മോദിജിയോട് ആവശ്യപ്പെടൂ എന്നും സുജ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ശ്രീ സന്ദീപ് വാരിയര്‍ക്ക്..
നിങ്ങള്‍ മമ്മൂക്കയ്ക്കെതിരെ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കരുണ ടിക്കറ്റ് പ്രകാശനം ചെയ്ത മമ്മൂക്ക കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അതിന്റെ സംഘടകരോട് വിശദീകരണം ചോദിക്കണമെന്നും അതിനെതിരെ മമ്മൂക്കയുടെ പ്രതികരണം എന്താണെന്നു താങ്കള്‍ക്ക് അറിയണം എന്നുമൊക്കെ അറിയിച്ചുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്.
സന്ദീപിനെ പോലെ ബിജെപിയില്‍ അത്യാവശ്യം വിവരമുള്ള ഒരാള്‍ ഇത്രയ്ക്കും വിവരം കെട്ട ഒരു പോസ്റ്റ് ഇടുമെന്നു സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. മമ്മൂട്ടി അഭിനയിച്ച സോപ്പിന്റെ പരസ്യം കണ്ടിട്ട് അത് മേടിച്ച് കുളിച്ച താന്‍ മമ്മൂട്ടിയെ പോലെ ആയില്ല എന്ന് പറഞ്ഞ് കേസ് കൊടുത്ത പോലെ ആയി പോയല്ലോ സന്ദീപ് ജി ഈ കേസും.
മമ്മൂട്ടി അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ആണ്. നല്ല കാര്യങ്ങള്‍ക്ക് എന്ത് സഹായവും അദ്ദേഹം ചെയ്തു കൊടുക്കും എന്ന് താങ്കള്‍ക്കും അറിയാം ഇവിടുത്തെ എല്ലാ മലയാളികള്‍ക്കും അറിയാം. പ്രളയം പോലൊരു മഹാ ദുരന്തത്തെ നേരിടാന്‍ ഒരു പരിപാടി നടക്കുമ്പോ അതിന്റെ ടിക്കറ്റ് പ്രകാശനം അല്ല അതിന് മുകളില്‍ വല്ലതും വേണേല്‍ അതും പുള്ളി ചെയ്ത് കൊടുക്കും. അത് ഇനി ആഷിക്ക് അബുവും ടീമും അല്ല ഇനി നിങ്ങള്‍ ചെന്നാലും മമ്മൂക്കയുടെ സഹകരണം നിങ്ങള്‍ക്കും ഉണ്ടാകും. (നല്ല കാര്യത്തിന് ആണെങ്കില്‍) അതില്‍ ആരെങ്കിലും അഴിമതി കാണിക്കുമോ കയ്യിട്ട് വാരുമോ എന്നൊന്നും അദ്ദേഹം എന്നല്ല ആരും ചിന്തിക്കില്ല.. നല്ലൊരു കാര്യത്തിന് ആയത് കൊണ്ട് ആ കര്‍മം അദ്ദേഹം നിര്‍വഹിച്ചു… അതില്‍ സംഘടകര്‍ അഴിമതി കാണിച്ചതിന് മമ്മൂട്ടി ഉത്തരം പറയണം അവരെ ഉപദേശിക്കണം എന്നൊക്കെ പറയാന്‍ താങ്കള്‍ക്ക് നാണമില്ലേ!.
അല്ലേലും മമ്മൂട്ടിയെ പോലൊരു നടനോട് വല്ലവരും കാണിച്ച അഴിമതിക്കെതിരെ പ്രതികരണം അറിയാന്‍ കാത്തു നിക്കുന്ന സന്ദീപ് നിങ്ങളോട് ഒന്ന് ചോദിച്ചോട്ടെ .. 1000 വും 2000 കോടി അഴിമതി കാണിച്ചവരെ വെറുതെ വിട്ടപ്പോ, സ്വന്തമായി വീട്ടിലിരുന്നു നോട്ട് അടിച്ച സ്വന്തം പാര്‍ട്ടിക്കാരന്‍ ജയിലില്‍ പോയപ്പോ അങ്ങനെ ഈ രാജ്യത്ത് പല വിധ അഴിമതികള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തിയതിനെ പറ്റിയുമൊക്കെ ഒരക്ഷരം മിണ്ടാതിരുന്ന താങ്കള്‍, വല്ലവരും പരിപാടി നടത്തി ആ കാശെടുത്ത് പുട്ട് അടിച്ചതിനെ മമ്മൂട്ടിയുമായി ബന്ധിപ്പിക്കാന്‍ താങ്കള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്.
അല്ലെങ്കില്‍ ആഷിക്ക് അബുവിനും റീമ കല്ലിങ്കലിനും അടക്കമ്മുള്ള ഈ പരിപാടിയുമായി ബന്ധമുള്ള സിനിമാക്കാര്‍ക്ക് സ്വന്തമായി സംഘടനകള്‍ ഉണ്ട് ഇവിടെ.. അവരോട് ഒന്നും പറയാതെ ഒരു ടിക്കറ്റ് പ്രകാശനം ചെയ്തതിന്റെ പേരില്‍ മമ്മൂട്ടിയുടെ പൊക്കത്തോട്ട് താങ്കള്‍ കേറിയെങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ ഒരു അജണ്ട ഉണ്ട് എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലാകും.
നിങ്ങള്‍ 10000 ബിജെപിക്കാരെക്കാള്‍ വില ഉണ്ട് മമ്മൂട്ടി എന്ന ഒറ്റ പേരിനു മലയാളികളുടെ മനസ്സില്‍. ആ മമ്മൂട്ടിയെ എന്തിന്റെ പേരില്‍ ആയാലും ജനങ്ങളെ തെറ്റി ധരിപ്പിച്ചു നിങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ആണേല്‍ നിങ്ങളുടെ ആ പരിപ്പ് ഇവിടെ കേരളത്തില്‍ നടക്കുകേല എന്ന് സന്ദീപ് വാര്യര്‍ ഓര്‍ക്കുന്നത് നല്ലതാണ് ..കേന്ദ്രത്തില്‍ നിങ്ങള്‍ക്ക് പിടിപാടുള്ളത് കൊണ്ട് മമ്മൂട്ടിക്ക് അര്‍ഹിച്ച പത്മ അവാര്‍ഡ്കള്‍ നിങ്ങള്‍ക്ക് തടഞ്ഞു വെപ്പിക്കാം അദ്ദേഹത്തിന് അര്‍ഹതപെട്ട ദേശീയ അംഗീകാരങ്ങളെ ഒറ്റ ഫോണ്‍ കോളിങില്‍ ഇല്ലാതാക്കാം.അതിന്റെ ഹുങ്ക്വച്ചു സന്ദീപ് വാരിയര്‍ മമ്മൂട്ടിയുടെ പടവും വച്ച് മമ്മൂട്ടിക്ക് എതിരെ ഒരു പോസ്റ്റ് ഇട്ടാല്‍ ഉടനെ മമ്മൂട്ടിയെ കേരളത്തിലെ ജനങ്ങള്‍ തള്ളി പറയും എന്നാണ് കരുതിയെങ്കില്‍ നിങ്ങളെ പോലെ മണ്ടന്മാരല്ല കേരളത്തിലെ ജനങ്ങള്‍ എന്ന് ഇനിയെങ്കിലും സന്ദീപ് വാരിയര്‍ മനസിലാക്കണം. ജനങ്ങളുടെ മനസിലിലേക്ക് ഇത് പോലുള്ള തെറ്റിദ്ധാരണകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക്കു കേരളത്തില്‍ ഒരു വില ഇല്ലാതായി പോയത് എന്ന സത്യം കൂടി നിങ്ങള്‍ മനസിലാക്കുന്നത് നല്ലതാണ്.
ആഷിക്കും റിമയും കാണിച്ചു എന്ന് പറയപ്പെടുന്ന അഴിമതിക്ക് ടിക്കറ്റ് പ്രകാശനം ചെയ്ത മമ്മൂട്ടി പ്രതികരിക്കണം എന്നാവിശ്യപ്പെട്ട സന്ദീപിനോട് അവസാനമായി ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. മേക്കിങ് ഇന്ത്യയുടെ ഭാഗമായി 251 രൂപക്ക് മൊബൈല്‍ ഫോണ്‍ എന്ന പദ്ധതിക്ക് മോദിജിയുടെ ഫോട്ടോയും വച്ച് പരസ്യം ചെയ്ത നിങ്ങള്‍ അതില്‍ നടന്ന അഴിമതിക്ക് മോദിജിയുടെ പ്രതികരണം എന്താണെന്നു ഒരു കുറിപ്പ് എഴുതി മോദിജിയോട് ആവശ്യപ്പെടു. മോദി ജിയുടെ പ്രതികരണം ജനങ്ങളെ സന്ദീപ് അറിയിക്കും എന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.