മമ്മൂട്ടിയുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് പൊന്തന്‍മാട. ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത പൊന്തന്‍മാടയിലെ അഭിനയത്തിനു മമ്മൂട്ടിക്ക് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം ലഭിച്ചു. പൊന്തന്‍മാടയില്‍ മാട എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞ കഥാപാത്രമായിരുന്നു അത്. മമ്മൂട്ടിയെ മാടയാക്കാന്‍ അക്ഷീണം പ്രയത്‌നിച്ചത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദ് ആണ്. മമ്മൂട്ടിയെ പോലൊരു സുന്ദരനെ മാടയാക്കി മാറ്റുന്നത് വലിയൊരു ടാസ്‌ക് ആയിരുന്നെന്ന് പട്ടണം റഷീദ് പറയുന്നു.
മാടയാക്കാന്‍ ആദ്യം മമ്മൂട്ടിക്ക് വേണ്ടി തയ്യാറാക്കിയ വിഗ് ശരിയായില്ല. പിന്നീട് തന്റെ കൈവശമുണ്ടായിരുന്ന ഒരു വിഗ് ഉപയോഗിച്ചാണ് മമ്മൂട്ടിയെ മാടയാക്കിയതെന്നും പട്ടണം റഷീദ് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഷീദ് ഇതേ കുറിച്ച് വെളിപ്പെടുത്തിയത്.
'മേക്കപ് കഴിഞ്ഞ് മമ്മൂക്ക കണ്ണാടിയെടുത്ത് സൂക്ഷമമായി നിരീക്ഷിച്ച് എന്നെ തിരിഞ്ഞുനോക്കി ചോദിച്ചു, 'നീയിത് എവിടുന്നാടാ പഠിച്ചെടുത്തത്?' അതു തന്നെയായിരുന്നു ആദ്യ അംഗീകാരം. ഇപ്പോഴും മമ്മൂക്ക പറയും ഇവന്‍ എന്റെ മുഖത്തല്ലേ മേക്കപ് ചെയ്തു പഠിച്ചത്...' പട്ടണം റഷീദ് പറഞ്ഞു.
'പ്രത്യേക തരം ഫൗണ്ടേഷനാണ് അന്ന് മമ്മൂക്കയ്ക്ക് ഉപയോഗിച്ചത്. വില്യം ടെട്ടില്‍സ് എന്നൊരു മേക്കപ് ആര്‍ട്ടിസ്റ്റുണ്ട് അമേരിക്കയില്‍. അദ്ദേഹത്തിന്റെ പ്രൊഡക്ടാണത്. അതേകുറിച്ച് ആദ്യം പറഞ്ഞു തന്നത് കമല്‍ഹാസനാണ്. അദ്ദേഹം ചാണക്യന്‍ എന്ന സിനിമയില്‍ ആ ഫൗണ്ടേഷന്‍ ഉപയോഗിച്ചിരുന്നു. നമ്മുടെ ചര്‍മത്തിലേക്ക് വേഗം ഇഴുകി ചേരും എന്നതാണ് പ്രത്യേകത,' റഷീദ് പറഞ്ഞു.