Coolie: 'സിനിമയിൽ മഹത്തായ 50 വർഷങ്ങൾ'; രജനികാന്തിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും കമൽ ഹാസനും
ദളപതിയിൽ വർക്ക് ചെയ്തപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചു.
സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന രജനികാന്തിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും കമൽ ഹാസനും. ദളപതി സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. ദളപതിയിൽ വർക്ക് ചെയ്തപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചു.
സിനിമയിൽ മഹത്തായ 50 വർഷങ്ങൾ പൂർത്തിയാക്കിയ പ്രിയ രജനികാന്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. താങ്കളോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് യഥാർഥത്തിൽ ഒരു ബഹുമതിയായിരുന്നു. കൂലി എന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നും പ്രചോദിപ്പിച്ചു കൊണ്ടും ശോഭിച്ചു കൊണ്ടും ഇരിക്കുക.–മമ്മൂട്ടിയുടെ വാക്കുകൾ.
നമ്മുടെ സൂപ്പർ സ്റ്റാറിന് ആശംസകൾ നേരുന്നു എന്നാണ് കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കൂലിയും ഒട്ടനവധി ഐക്കണിക് നിമിഷങ്ങളുമാണ് ഇനി വരാൻ പോകുന്നത് എന്നാണ് മോഹൻലാൽ കുറിച്ചത്.
"അരനൂറ്റാണ്ടിന്റെ തിളക്കത്തിൽ എന്റെ പ്രിയ സുഹൃത്ത് രജനികാന്ത്. രജനികാന്ത് സിനിമയിൽ എത്തിയിട്ട് 50 വർഷം പിന്നിടുന്ന ഈ അവസരത്തിൽ നമ്മുടെ സൂപ്പർ സ്റ്റാറിന് ഏറെ സ്നേഹത്തോടെയും ആദരവോടെയും ഞാൻ ആശംസകൾ നേരുന്നു. ഈ സുവർണ ജൂബിലി ആഘോഷിക്കാൻ അനുയോജ്യമായ 'കൂലി' എന്ന അദ്ദേഹത്തിന്റെ സിനിമയുടെ വിജയത്തിനും ആശംസകൾ". - കമൽ ഹാസൻ കുറിച്ചു.
"അമ്പത് വർഷം ഓൺ സ്ക്രീനിൽ പകരംവയക്കാനാകാത്ത സമർപ്പണം, മാജിക്! ഈ മഹത്തായ നാഴികകല്ല് പിന്നിട്ട രജനികാന്ത് സാറിന് അഭിനന്ദനങ്ങൾ. കൂലിയുടെയും ഒട്ടനവധി ഐക്കണിക് നിമിഷങ്ങളുമാണ് ഇനി വരാൻ പോകുന്നത്".- എന്നാണ് മോഹൻലാൽ കുറിച്ചത്.
അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഇന്ന് റിലീസ് ആയിരിക്കുകയാണ്. ദേവ എന്ന കഥാപാത്രമായാണ് കൂലിയിൽ രജനികാന്ത് എത്തുന്നത്. സൈമൺ എന്ന വില്ലനായി നാഗാർജുനയും ചിത്രത്തിലെത്തുന്നു.