ഫെബ്രുവരി മാസത്തെ തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയെ തെന്നിന്ത്യയാകെ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ഭ്രമയുഗം,പ്രേമലു,മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളാണ് ഫെബ്രുവരിയില്‍ വമ്പന്‍ വിജയങ്ങളായത്. 3 ചിത്രങ്ങളും വ്യത്യസ്ത ജോണറായിരുന്നു എന്നത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന സംഗതിയാണ്. ഫെബ്രുവരിയുടെ തുടര്‍ച്ചയായി ഏപ്രിലിലാണ് ഇനി ബോക്‌സോഫീസില്‍ വമ്പന്‍ ഏറ്റുമുട്ടല്‍ നടക്കാനിരിക്കുന്നത്. പൃഥ്വിരാജിന്റെ ആടുജീവിതത്തിനൊപ്പം ഫഹദിന്റെ ആവേശവും വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷവുമെല്ലാാം ബോക്‌സോഫീസില്‍ മത്സരിക്കും.
മെയ് മാസത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിവിന്‍ പോളി ചിത്രം മലയാളി ഫ്രം ഇന്ത്യ. പൃഥ്വിരാജ് നായകനാകുന്ന ഗുരുവായൂര്‍ അമ്പലനടയില്‍, ടൊവിനോയുടെ നടികര്‍ എന്നീ സിനിമകള്‍ക്കൊപ്പം മമ്മൂട്ടി മോഹന്‍ലാല്‍ സിനിമകളും മെയ് ആദ്യവാരത്തില്‍ റിലീസാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. മമ്മൂട്ടി വൈശാഖ് സിനിമയായ ടര്‍ബോയാണ് മെയില്‍ റിലീസിന് ഒരുങ്ങുന്നത്. വൈശാഖ് ഒരുക്കുന്ന സിനിമ ഒരു ഗംഭീര എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തെലുങ്കില്‍ നിന്നും സുനിലും കന്നഡയില്‍ നിന്ന് രാജ് ബി ഷെട്ടിയും സിനിമയില്‍ ഭാഗമാകുന്നുണ്ട്.
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബാറോസാകും മെയില്‍ മമ്മൂട്ടി ചിത്രത്തിനൊപ്പം മത്സരിക്കുക. ത്രീഡി ഫോര്‍മാറ്റില്‍ ഒരുങ്ങുന്ന സിനിമ ഒരു ഫാന്റസി സബ്ജക്ടാണ് പറയുന്നത്. ഏറെക്കാലമായി സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലായിരുന്നു മോഹന്‍ലാല്‍. മലൈക്കോട്ടെ വാലിബന് ശേഷം പുറത്തിറങ്ങുന്ന സിനിമയായതിനാല്‍ ഒരു ഹിറ്റ് സിനിമ തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.