പ്രശസ്ത ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലൂവന്‍സറും സോഷ്യല്‍ മീഡിയ താരവുമായിരുന്ന മിഷ അഗര്‍വാള്‍ അന്തരിച്ചു. ഇരുപത്തഞ്ചാം ജന്മദിനത്തിന് രണ്ട് ദിവസം മുമ്പാണ് യുവതിയുടെ മരണം സംഭവിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മിഷയുടെ കുടുംബമാണ് വാര്‍ത്ത പങ്കുവെച്ചത്.
'നിങ്ങള്‍ മിഷയ്ക്കും അവളുടെ പ്രയത്‌നങ്ങള്‍ക്കും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഈ വലിയ നഷ്ടത്തോട് ഇപ്പോഴും പൊരുത്തപ്പെടാന്‍ ഞങ്ങള്‍ പ്രയത്‌നിക്കുന്നു,' എന്ന് കുടുംബം കുറിച്ചു. themishaagarwalshow എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ ജീവിത സംഭവങ്ങളും ആനുകാലിക വിഷയങ്ങളും നര്‍മ്മഭാവത്തില്‍ അവതരിപ്പിച്ചുകൊണ്ടാണ് മിഷ ശ്രദ്ധ നേടിയത്. 3,40,000-ത്തിലധികം ഫോളോവര്‍മാര്‍ ഉണ്ടായിരുന്ന മിഷ 'മിഷ് കോസ്‌മെറ്റിക്‌സ്' ന്റെ ഉടമ കൂടിയായിരുന്നു. അവരുടെ ചില റീലുകള്‍ക്ക് 2 കോടിയിലധികം വ്യൂവര്‍മാര്‍ എത്തിയിരുന്നു. ഡോട്ട് ആന്‍ഡ് കീ, സണ്‍ഫീസ്റ്റ്, ഹാല്‍ഡിറാംസ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുമായും മിഷ സഹകരിച്ചിരുന്നു. മിഷയുടെ പെട്ടെന്നുണ്ടായ മരണത്തിന്റെ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. പലരും ഇന്‍ഫ്‌ലുവന്‍സറുടെ മരണത്തില്‍ ദുഃഖവും ആശ്ചര്യവും പ്രകടിപ്പിക്കുന്നുണ്ട്. വാര്‍ത്തയുടെ ആധികാരികതയെ പറ്റിയും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. അതേസമയം മരണത്തീല്‍ കുടുംബത്തിനോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവരും ഏറെയാണ്.
ഇത് സത്യമല്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവള്‍ ഒരു കഴിവുറ്റ യുവതിയായിരുന്നു. കുടുംബത്തിന്റെ വേദന സങ്കല്‍പ്പിക്കാനാവില്ല, അവര്‍ക്ക് എന്റെ പ്രാര്‍ത്ഥനകള്‍,' എന്നാണ് ഒരു ആരാധകര്‍ കുറിച്ചത്, അതേസമയം മരണത്തിന് പിന്നിലുള്ള കാരണത്തെ പറ്റി കുടുംബം വ്യക്തമാക്കിയിട്ടില്ല. ഇത് ആത്മഹത്യയാണോ എന്ന് ചില ആരാധകര്‍ സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. നിഷയുടെ മരണത്തില്‍ മറ്റ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍മാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്.