മറ്റ് ഭാഷകളില്‍ പോയി അഭിനയിക്കുന്നത് എന്തിന്? ട്രോളർമാരുടെ ചോദ്യത്തിന് മറുപടി നൽകി ജയറാം
പുതിയ ചിത്രം ‘റെട്രോ’യുടെ പ്രസ് മീറ്റിലാണ് ജയറാം സംസാരിച്ചത്.
മലയാളം വിട്ട് അന്യഭാഷാ സിനിമകളില്‍ സജീവമായ ജയറാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയരാറുണ്ട്. എബ്രഹാം ഒാസ്‌ലര്‍ ആണ് ജയറാമിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. അതിന് ശേഷം അദ്ദേഹം മലയാളത്തിൽ സിനിമകൾ ചെയ്തിട്ടില്ല. എന്നാൽ, തമിഴിലും തെലുങ്കിലും സഹതാരമായിട്ടും വില്ലനായിട്ടുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഇതോടെ താരത്തിന് നേരെ നിരവധി ട്രോളുകളും വന്നിരുന്നു. ഇത്തരം വേഷങ്ങൾ ചെയ്യുന്നതിനെ കുറിച്ചായിരുന്നു ഇവ. ഇത്തരം ട്രോളുകളോട് പ്രതികരിക്കുകയാണ് നടൻ ഇപ്പോൾ. പുതിയ ചിത്രം റെട്രോയുടെ പ്രസ് മീറ്റിലാണ് ജയറാം സംസാരിച്ചത്.
'ഈ വര്‍ഷം രണ്ട് ഉഗ്രന്‍ മലയാള സിനിമയാണ് ചെയ്യാന്‍ പോകുന്നത്. ഏതൊക്കെയാണെന്ന് ഇപ്പോള്‍ പറയില്ല. സസ്‌പെന്‍സ് ആണ്. സിനിമകളുടെ ചിത്രീകരണം തുടങ്ങാന്‍ പോകുന്നതേയുള്ളൂ. എന്റെയടുത്ത് ചില ആളുകള്‍ വന്ന് ചോദിക്കാറുണ്ട്, എന്തിനാണ് മറ്റ് ഭാഷകളില്‍ പോയി അഭിനയിക്കുന്നതെന്ന്. നമ്മളെ മറ്റ് ഭാഷകളില്‍ അവര് വിളിക്കുക, അവര്‍ സ്വീകരിക്കുക, അവര്‍ക്ക് ഇഷ്ടപ്പെടുക, അവരുടെ സ്‌നേഹം നമ്മള്‍ക്ക് ഏറ്റുവാങ്ങാന്‍ പറ്റുക എന്നതൊക്കെ അവര്‍ നമ്മുടെ മലയാളത്തിന് തരുന്ന സ്‌നേഹമാണ് എന്നാണ് ഞാന്‍ എപ്പോഴും വിചാരിക്കുക. അല്ലാതെ എനിക്ക് തരുന്ന സ്‌നേഹമല്ല.
തെലുങ്കില്‍ ആയാലും കന്നഡത്തില്‍ ആയാലും ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന സിനിമകളില്‍ എല്ലാം തന്നെ അവര്‍ എനിക്ക് തരുന്ന സ്‌നേഹത്തേക്കാള്‍ കൂടുതല്‍ മലയാള സിനിമയ്ക്ക് തരുന്ന സ്‌നേഹമാണ്. ഞാന്‍ അത് എന്‍ജോയ് ചെയ്യാറുണ്ട്. ഞാന്‍ ഓരോരുത്തരോടും പറയുന്നതാണ്, നമ്മള്‍ എന്ത് ജോലി ചെയ്താലും, ചെറുതായാലും വലുതായാലും നമ്മള്‍ അത് ആദ്യം എന്‍ജോയ് ചെയ്യുക', നടൻ പറഞ്ഞു.