ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായ ചിത്രമാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ പണം വാരി സിനിമകളിലൊന്നായി. ഒട്ടേറെ വിവാദങ്ങളിലൂടെ ചിത്രം കടന്നു പോയെങ്കിലും 250 കോടിയിലധികം ആഗോളത്തലത്തിൽ നേടുകയും ചെയ്തു. ഗുജറാത്ത് കലാപത്തെ കുറിച്ച് കാണിച്ച രംഗങ്ങളായിരുന്നു ചിത്രത്തിൽ വിവാദമായി മാറിയത്.
ഇതിന് പിന്നാലെ മോഹൻലാൽ മാപ്പെഴുതി തന്ന കടലാസ് തന്റെ കയ്യിലുണ്ടെന്നും മോഹൻലാൽ സിനിമ കണ്ടിട്ടില്ലെന്നും വെളിപ്പെടുത്തി സംവിധായകൻ മേജർ രവി രംഗത്തെത്തിയിരുന്നു. ഇതോടെ മേജർ രവിക്കെതിരെ മല്ലിക സുകുമാരനും വിമർശനമുന്നയിച്ചു. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മേജർ രവി. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു മേജർ രവിയുടെ പ്രതികരണം.
'റിലീസിന് മുൻപ് ലാൽ ആ ചിത്രം കണ്ടിട്ടില്ല എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. പ്രശ്നം കഴിഞ്ഞു, അവർക്ക് പബ്ലിസിറ്റിയും കിട്ടി. പിന്നെ ഞാൻ മല്ലിക സുകുമാരന്റെ മകന്റെ സിനിമയെ തരംതാഴ്ത്തി എന്ന തരത്തിൽ ഒരു പ്രസ്താവന ഉണ്ടായിരുന്നു. ഇപ്പോഴും ഞാൻ പറയുന്നു അദ്ദേഹം ടെക്നിക്കലി നന്നായി വർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ കലാപത്തിന്റെ രംഗം തുടക്കത്തിൽ തന്നെ അതേ രീതിയിൽ ചിത്രീകരിക്കരുതായിരുന്നു.
അതാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. ഗോധ്രയിൽ തീവണ്ടി കത്തിച്ചതൊക്കെ എങ്ങനെ തുടങ്ങിയെന്നൊക്കെ അവർ കാണിക്കണമായിരുന്നു. അതാണ് എനിക്ക് പ്രശ്നമായി തോന്നിയത്".- മേജർ രവി വ്യക്തമാക്കി.
സിനിമ കണ്ടതിന് ശേഷം മോഹൻലാൽ ശരിക്കും അസ്വസ്ഥനായിരുന്നോ? എന്ന ചോദ്യത്തോടും മേജർ രവി പ്രതികരിച്ചു. "തീർച്ചയായും, എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. അദ്ദേഹത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ആ ആക്രമണം പിന്നീട് ഞാൻ ഏറ്റെടുത്തു, പിന്നെ എല്ലാവരും എന്നെ ആക്രമിച്ചു. എനിക്ക് അത് ഒരു പ്രശ്നമല്ലായിരുന്നു. ചില മോഹൻലാൽ ഫാൻസുകാരാണ് പ്രശ്നമുണ്ടാക്കിയത്.
മോഹൻലാലിനെ താങ്ങി പിടിച്ചു നടന്നു എന്ന് പറഞ്ഞിട്ട് എനിക്കൊന്നും കിട്ടാനില്ല. അത് ചെയ്തില്ലെങ്കിലും എനിക്കൊന്നുമില്ല. ഞാൻ ജീവിക്കുന്നത് എന്റേതായ കാര്യങ്ങളിലൂടെയാണ്. എനിക്ക് എന്റേതായിട്ടുള്ള വരുമാനമുണ്ട്. ഞാൻ അദ്ദേഹത്തെ വച്ച് ജീവിക്കുന്നയാളല്ല, അദ്ദേഹത്തിന് വേണ്ടി ജീവിക്കുന്ന ആളാണ്. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്.
അത് ഇനിയെങ്കിലും ഈ ഫാൻസ് മനസിലാക്കണം. മൂപ്പരുടെ ഒരു സിനിമ ഇറങ്ങുമ്പോൾ 10 ടിക്കറ്റ് കിട്ടുക, എനിക്ക് അതൊന്നും വേണ്ട. ഒരാളെ ഇഷ്ടപ്പെടാൻ ചില ചില കാര്യങ്ങൾ ഉണ്ടാകും. ഇപ്പോൾ നരേന്ദ്ര മോദിജിയ്ക്ക് വേണ്ടി ഞാൻ മരിക്കും. അതുപോലെ തന്നെയാണ് എനിക്ക് മോഹൻലാലും. മമ്മൂക്കയ്ക്ക് വയ്യാതിരുന്നപ്പോൾ എനിക്ക് ഭയങ്കരമായി വിഷമം ഉണ്ടായി. മമ്മൂക്കയുമായും എനിക്ക് അടുപ്പമുണ്ട്, എന്നാൽ ചെറിയൊരു അകലം പാലിക്കാറുമുണ്ട്.
അതിന് കാരണം എന്താണെന്നു വച്ചാൽ അദ്ദേഹത്തിന്റെ പ്രായമാണ്. മോഹൻലാലിനെപ്പോലെ എനിക്ക് പോയി അദ്ദേഹത്തോട് കളി തമാശ പറയാൻ പറ്റില്ല. ആ ബഹുമാനമുണ്ട് എനിക്ക്. എന്നാൽ അദ്ദേഹം വരുന്ന സമയത്ത്, ആ ഇക്ക എന്ന് പറഞ്ഞ് ഞാൻ ചെല്ലാറുണ്ട്. അദ്ദേഹത്തിന് സുഖമില്ലാതിരുന്ന സമയത്ത് അദ്ദേഹത്തിനെതിരെ ചിലർ പറഞ്ഞപ്പോൾ അതെനിക്ക് വളരെ മോശമായി തോന്നി.
അപ്പോൾ ഞാൻ ദേഷ്യപ്പെട്ടു. എന്റെ ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊക്കെ ഇങ്ങനെയാണ്. അതിനിപ്പോൾ നിങ്ങളെന്നെ എയറിൽ കയറ്റുകയോ വെള്ളത്തിൽ താഴ്ത്തുകയോ എന്ത് വേണമെങ്കിലും ചെയ്തോ. എന്നെ ഇതൊന്നും ബാധിക്കില്ല. ഇവരുടെ ആരുടെയും ചെലവിൽ അല്ല ഞാൻ ജീവിക്കുന്നത്. സിനിമ ഇല്ലെങ്കിലും എനിക്ക് ജീവിക്കാൻ സാധിക്കും. നല്ല പെൻഷനുണ്ട്".- മേജർ രവി പറഞ്ഞു.