Mohanlal: 'ലാല്‍സലാം'; മോഹന്‍ലാലിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഇന്ന്; പ്രവേശനം സൗജന്യം
ആയിരക്കണക്കിന് പ്രേക്ഷകപങ്കാളിത്തം പ്രതീക്ഷിക്കുന്ന ചടങ്ങിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Mohanlal: ചലച്ചിത്ര ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങ് ഇന്ന്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. 'മലയാളം വാനോളം, ലാല്‍സലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന് വേണ്ടി മോഹന്‍ലാലിനെ ആദരിക്കും. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ അതിഥികളായി എത്തും.
ആയിരക്കണക്കിന് പ്രേക്ഷകപങ്കാളിത്തം പ്രതീക്ഷിക്കുന്ന ചടങ്ങിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ നിയന്ത്രണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
പൊലീസ്, ഗതാഗതം, ഫയര്‍ ആന്‍ഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ പ്രത്യേക പരിശീലനം ലഭിച്ച വോളന്റിയര്‍മാരുമുണ്ട്. കാലാവസ്ഥ പരിഗണിച്ചാണ് സ്റ്റേഡിയത്തിലെ പന്തല്‍ ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ഉദ്ഘാടച്ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹീം, ജോണ്‍ ബ്രിട്ടാസ് എംപി, ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ജോഷി, ഉര്‍വ്വശി, മീന, മീര ജാസ്മിന്‍, രഞ്ജിനി, കെ.മധു (ചെയര്‍പേഴ്‌സന്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍), പ്രേംകുമാര്‍ (ചെയര്‍പേഴ്‌സന്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി), കെ.മധുപാല്‍ (ചെയര്‍പേഴ്‌സന്‍, കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്), പ്രിയദര്‍ശനന്‍ പി.എസ്. (മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍), സി. അജോയ് (സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി) തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് നടക്കുന്ന മോഹന്‍ലാലിനുള്ള കലാസമര്‍പ്പണമായ 'രാഗം മോഹനം' ടി.കെ.രാജീവ് കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ നടനചാതുരിക്ക് അര്‍പ്പണമായി കഥകളി ആചാര്യന്‍ കലാമണ്ഡലം സുബ്രമണ്യന്‍ ആശാന്‍ 'തിരനോട്ടം' അവതരിപ്പിക്കും. കലാമണ്ഡലം വിനോദിന്റെ ആലാപനത്തിന് കലാമണ്ഡലം പ്രശാന്ത് മദ്ദളവും കലാമണ്ഡലം വേണു മോഹന്‍ ചെണ്ടയും വായിക്കും. തുടര്‍ന്ന് മോഹന്‍ലാലിന്റെ കലാസപര്യക്ക് ആദരമായി മോഹന്‍ലാല്‍ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന പിന്നണി ഗായകരുടെ സംഗീതാര്‍ച്ചന 'രാഗം മോഹനം' അരങ്ങേറും. എം.ജി.ശ്രീകുമാറിന്റെ ഗാനത്തോടെ തുടങ്ങുന്ന 'രാഗം മോഹനത്തില്‍ ' തുടര്‍ന്ന് ഗായിക സുജാതയുടെ നേതൃത്വത്തില്‍ സിതാര, മഞ്ജരി, ജ്യോത്സന, മൃദുല വാരിയര്‍, നിത്യ മാമ്മന്‍, സയനോര, രാജലക്ഷ്മി, റിമി ടോമി, നന്ദിനി, രഞ്ജിനി ജോസ്, ലക്ഷ്മി ഗോപാലസ്വാമി എന്നീ ഗായികമാരും ഗാനാര്‍ച്ചന നടത്തും. തുടര്‍ന്ന് മോഹന്‍ലാലും ഗാനം ആലപിക്കും.
മോഹന്‍ലാലിന് ആശംസകള്‍ അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ നായികമാരായി വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയ അഭിനേത്രിമാരായ ശോഭന, മീന, ഉര്‍വശി, മേനക, മാളവിക മോഹന്‍, രഞ്ജിനി, അംബിക എന്നിവരും 'ലാല്‍ സലാമില്‍' പങ്കെടുക്കും. കേരള സര്‍ക്കാരിനുവേണ്ടി കവി പ്രഭ വര്‍മ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് സമര്‍പ്പിക്കും. ഗായിക ലക്ഷ്മി ദാസ് പ്രശസ്തിപത്രം കവിത ചൊല്ലും.