സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ ചിത്രം 51 കോടി കളക്ഷൻ നേടിയപ്പോൾ ഇന്ത്യയിൽ മാത്രം ഇന്നലെ 3.03 കോടി നേടിയിരിക്കുകയാണ് എന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്.
ഇതുവരെ നേടിയതിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ കളക്ഷനാണ് ശനിയാഴ്ചത്തേത്. ആദ്യ ഞായറാഴ്‍ച ചിത്രം 3.7 കോടി രൂപ നേടിയിരുന്നു. റിലീസിന് ഹൃദയപൂർവം ഇന്ത്യയിൽ 3.25 കോടി രൂപയാണ് നെറ്റായി നേടിയത്. വിദേശത്ത് നിന്ന് മാത്രം 25 കോടി ഹൃദയപൂർവം ആകെ നേടിയിട്ടുണ്ടെന്നും സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.
കോമഡി എലമെന്റുകളൊക്കെ തിയറ്ററുകളിൽ രസിപ്പിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടവർ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചിരിക്കുന്നത്. മോഹൻലാൽ- സംഗീത് പ്രതാപ് കോമ്പോ വർക്ക് ആയിരിക്കുന്നുവെന്നാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രതികരണങ്ങൾ. മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രാഹണവും ചിത്രത്തിന്റെ ആകർഷണങ്ങളാണ്. മികച്ച ഫീൽ ഗുഡ് ചിത്രമാണ് ഹൃദയപൂർവം എന്നാണ് പൊതുവെയുള്ള പ്രതികരണങ്ങൾ.
സത്യൻ അന്തിക്കാടിൻറെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും 'ഹൃദയപൂർവ്വ'ത്തിനുണ്ട്. ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്.