Mohini: 'ഡിവോഴ്സ് വേണം, പക്ഷേ വേറെ ആരെയും വിവാഹം ചെയ്യരുതെന്ന് ഭർത്താവിനോട് പറഞ്ഞു': മോഹിനിയുടെ തുറന്നു പറച്ചിൽ
നടി മാനസികമായി തകർന്ന കാലഘട്ടത്തിലായിരുന്നു ഇത്.
ഒരുകാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങി നിന്നിരുന്ന നടിയാണ് മോഹിനി. വിവാഹത്തോടെ മോഹിനി സിനിമ ഉപേക്ഷിച്ചു. ഇന്ന് ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് മോഹിനി. തന്നെ വളരെയധികം സ്നേഹിക്കുന്ന ഭർത്താവാണെങ്കിലും ഒരിക്കൽ ഈ ബന്ധം പിരിയാൻ മോഹിനി തീരുമാനിച്ചിരുന്നു. നടി മാനസികമായി തകർന്ന കാലഘട്ടത്തിലായിരുന്നു ഇത്.
ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മോഹിനിയിപ്പോൾ. അദ്ദേഹത്തിന്റെ കുടുംബത്തെ ഞാൻ ഭയന്നു. ആ കുടുംബത്തിലെ ഒരു കസിൻ സിസ്റ്റർ കൂടോത്രം ചെയ്യുന്ന ആളായിരുന്നു. ആദ്യമൊന്നും എനിക്കിതിൽ വിശ്വാസമുണ്ടായിരുന്നില്ല. നന്മ എന്നൊന്നുണ്ടെങ്കിൽ തിന്മയും ഉണ്ടാകുമെന്ന് പിന്നീടാണ് മനസിലായത്. എന്റെ അനുഭവത്തിൽ നിന്നാണ് മനസിലായത്. തീരെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഡിവോഴ്‌സിനെ കുറിച്ച് ആലോചിച്ചതെന്ന് മോഹിനി പറയുന്നു.
'ലീഗലായി മാത്രം ഡിവോഴ്സ് ചെയ്യാം എന്നാണ് ഞാൻ ഭരത്തിനോട് പറഞ്ഞത്. ലീഗലായി ഡിവോഴ്സ് ചെയ്താൽ ഈ പ്രശ്നം ഒഴിവാകും എന്ന് ഞാൻ കരുതി. വേറെ ആരെയെങ്കിലും വിവാഹം ചെയ്താൽ കൊന്ന് കളയും എന്നും ഞാൻ പറഞ്ഞു. ഡിവോഴ്സ് ചെയ്യണം, എന്നാൽ വേറെ ആരെയും കല്യാണം കഴിക്കരുത്, എന്താണിതെന്ന് ഭരത് ചോദിച്ചു. അതൊക്കെ അങ്ങനെയാണെന്ന് ഞാൻ പറഞ്ഞു.
ഡിവോഴ്സ് ചെയ്യരുതെന്ന് എന്ന് ഭരത് പറഞ്ഞ് മനസിലാക്കാൻ നോക്കി. എന്നാൽ ഞാൻ സമ്മതിച്ചില്ല. നിങ്ങളുടെ കുടുംബത്തെ എനിക്ക് ഭയമാണെന്ന് പറഞ്ഞു. എന്നാൽ പിന്നീട് ധെെര്യം വന്നു. പിരിയേണ്ടെന്ന് തീരുമാനിച്ച് മുന്നോട്ട് പോയി. രാത്രി ഉറക്കമേ ഇല്ലായിരുന്നു. പ്രേത പിശാചുകൾ വരുന്നത് പോലെ തോന്നും. കഴുത്തിനടുത്ത് കീറുന്നത് പോലെ തോന്നും. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അവിടെ ചുവന്നിരിക്കും. സെെക്യാട്രിസ്റ്റിനടുത്ത് പോയപ്പോൾ ക്ലിനിക്കൽ ഡിപ്രഷനില്ല എന്ന് പറഞ്ഞു.
കുട്ടികളില്ല, പണമില്ല, ഭർത്താവ് ശരിയല്ല തുടങ്ങി ഒരു കാരണവും എനിക്ക് വിഷാദം വരാൻ ഇല്ലായിരുന്നു. എന്നാൽ എനിക്ക് മരിക്കാൻ തോന്നി. 7 തവണ ആത്മഹത്യക്ക് ശ്രമിച്ചു. അന്ന് 25 വയസാണ്. ആ വിഷമഘട്ടം നേരിട്ടത് ഭരത് ആണ്. രണ്ട് ആൺകുട്ടികളാണ്. കല്യാണം കഴിഞ്ഞ ശേഷം ഞാൻ ഡിപ്രസ്ഡ് ആണ്. വേറെ ഏത് പുരുഷനാണെങ്കിലും ഈ ബന്ധം വിട്ട് പോയേനെ. എന്നാൽ കല്യാണത്തിന് മുമ്പ് മോഹിനി എങ്ങനെയായിരുന്നോ അത് പോലെയാകുന്നത് വരെയും എന്നെ ഒറ്റയ്ക്ക് വിടില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. എന്റെ അച്ഛനും അമ്മയും പോലും ഭരതിനോട് ക്ഷമ പറഞ്ഞിട്ടുണ്ട്. എന്താണവൾക്ക് പറ്റിയതെന്ന് അറിയില്ല, ക്ഷമിക്കണം എന്ന് പറഞ്ഞു. എന്നാൽ എനിക്കൊപ്പം നിൽക്കുമെന്ന് ഭരത് പറഞ്ഞു', മോഹിനി പറയുന്നു.