സൂര്യയുടെ വാരണം ആയിരത്തിൽ നായികയാകേണ്ടിയിരുന്നത് താനെന്ന് മോഹിനി
ഒരുകാലത്ത് തമിഴിലെ മുന്‍നിര നായികയായിരുന്നു മോഹിനി
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നിന്ന നടിയാണ് മോഹിനി. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നു. എങ്കിലും സിനിമാ പ്രേമികള്‍ മോഹിനിയെ മറക്കില്ല. ഒരുകാലത്ത് തമിഴിലെ മുന്‍നിര നായികയായിരുന്നു മോഹിനി. എന്നാല്‍ രജനികാന്തിനും വിജയ്ക്കുമൊപ്പം അഭിനയിക്കാന്‍ കഴിയാതെ പോയതില്‍ തനിക്ക് വിഷമമുണ്ടെന്നാണ് മോഹിനി പറയുന്നത്.
രജനി സാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നത് ഒരു നഷ്ടമാണ്. ദളപതി സിനിമയിലെ ശോഭനയുടെ റോളിലേക്ക് കാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് താരം പറയുന്നത്. അതുപോലെ വിജയ്‌ക്കൊപ്പവും. കൊയമ്പത്തൂര്‍ മാപ്പിളൈ എന്ന സിനിമയിലേക്ക് വിളിച്ചിരുന്നു. പക്ഷെ ഷോര്‍ട്‌സ് ധരിക്കേണ്ടി വരുന്നൊരു രംഗം ഉണ്ടായിരുന്നു. അത്തരം വേഷം ധരിക്കില്ലെന്ന് പറഞ്ഞ് ആ സിനിമ നിരസിച്ചുവെന്നാണ് താരം പറയുന്നത്.
തനിക്ക് നഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് വാരണം ആയിരം. സിമ്രന്‍ ചെയ്ത വേഷം വന്നിരുന്നു. പക്ഷെ ചെയ്യാനായില്ലെന്നാണ് മോഹിനി പറയുന്നത്. അപ്പോഴേക്കും താന്‍ അഭിനയിക്കുന്നില്ലെന്ന് ആരൊക്കയോ പറഞ്ഞു പരത്തിയിരുന്നുവെന്നും അത് സംവിധായകനും കേട്ടുവെന്നും അക്കാര്യം അദ്ദേഹം തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഹിനി പറയുന്നു.