Publish Date: Tue, 20 Dec 2022 (17:50 IST)
Updated Date: Tue, 20 Dec 2022 (17:55 IST)
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് പിന്നാലെ ഷാറൂഖ് ഖാൻ്റെ പഠാൻ സിനിമക്കെതിരെ മധ്യപ്രദേശ് നിയമസഭാ സ്പീക്കറും രംഗത്ത്.ചിത്രത്തിലെ ആദ്യഗാനമായി പുറത്തിറങ്ങിയ ബേഷരം രംഗിൽ ദീപിക പദുക്കോൺ ധരിച്ച വസ്ത്രത്തെ ചൊല്ലി വിവാദങ്ങൾ നടക്കുന്നതിനിടെയാണ് മധ്യപ്രദേശ് സ്പീക്കർ രംഗത്തെത്തിയത്.
ഷാറൂഖ് മകൾക്കൊപ്പം ഇരുന്ന് ഈ സിനിമ കാണണം. അങ്ങനെ കാണുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ഇട്ട് മക്കൾക്കൊപ്പം ഇത് കാണുന്നുവെന്ന് വിളിച്ച് പറയണം. പ്രവാചകനെ പറ്റി സമാനമായ ഒരു സിനിമനിർമിച്ച് അത് പ്രദർശിപ്പിക്കാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. മധ്യപ്രദേശ് നിയമസഭാ സ്പീക്കറായ ഗിരീഷ് ഗൗതം പറഞ്ഞു.
ഷാറൂഖ് ഖാൻ്റെയും ഗൗരി ഖാൻ്റെയും മകളായ സുഹാന ഖാൻ നായികയായി എത്തുന്ന ദി ആർച്ചീസ് എന്ന ചിത്രം പണിപ്പുരയിലാണ്. നേരത്തെ ബേഷരം രംഗ് എന്ന ഗാനരംഗത്തിൽ ദീപികയുടെ വസ്ത്രങ്ങളുടെ നിറങ്ങളും പാട്ടിൻ്റെ വരികളും തിരുത്തണമെന്നും അല്ലെങ്കിൽ മധ്യപ്രദേശിൽ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു.