ധനുഷുമായി ഡേറ്റിങ്ങിലാണോ?, ഒടുവിൽ മൗനം വെടിഞ്ഞ് മൃണാൾ താക്കൂർ
മുംബൈയില്‍ നടന്ന സണ്‍ ഓഫ് സര്‍ദാര്‍ 2 സിനിമയുടെ പ്രമോഷനിനിടെ ധനുഷും മൃണാലും തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
തമിഴ് നടന്‍ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി മൃണാള്‍ താക്കൂര്‍. ധനുഷ് നല്ല സുഹൃത്താണെന്നും ഇപ്പോള്‍ പരക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നുമാണ് മൃണാള്‍ പ്രതികരിച്ചതെന്ന് തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയില്‍ നടന്ന സണ്‍ ഓഫ് സര്‍ദാര്‍ 2 സിനിമയുടെ പ്രമോഷനിനിടെ ധനുഷും മൃണാലും തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ധനുഷ് സിനിമയായ ഇഡ്‌ലി കടയിലെ പാട്ടിനെ മൃണാള്‍ താക്കൂര്‍ പ്രമോട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും തമ്മിലുള്ള അടുപ്പത്തെ ചൊല്ലി അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.
ഞങ്ങള്‍ രണ്ടുപേരും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ കണ്ടപ്പോള്‍ തമാശയായാണ് തോന്നിയത്. സണ്‍ ഓഫ് സര്‍ദാര്‍ 2 പ്രദര്‍ശനത്തിലേക്ക് ധനുഷിനെ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ല. അജയ് ദേവ്ഗനാണ് ധനുഷിനെ ക്ഷണിച്ചത്. അതിനെ പറ്റി അധികമായി ചിന്തിക്കാനില്ല. മൃണാള്‍ പറഞ്ഞു. അതേസമയം ഓഗസ്റ്റ് ഒന്നിന് മൃണാളിന്റെ ജന്മദിന പാര്‍ട്ടിയിലും ധനുഷ് പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ധനുഷിന്റെ പുതിയ ബോളിവുഡ് സിനിമയുടെ പാര്‍ട്ടിയിലും മൃണാള്‍ പങ്കെടുത്തിരുന്നു. ഇതിന് പുറമെ ധനുഷിന്റെ സഹോദരിമാരെ മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്‌തെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ബോളിവുഡ് സീരിയലിലൂടെ ശ്രദ്ധ നേടിയ മൃണാള്‍ താക്കൂര്‍ നിലവില്‍ തെന്നിന്ത്യന്‍ സിനിമകളിലാണ് കൂടുതലായി അഭിനയിക്കുന്നത്. രജനീകാന്തിന്റെ മകളായ ഐശ്വര്യയെയാണ് ധനുഷ് വിവാഹം കഴിച്ചത്. എന്നാല്‍ 18 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമമിട്ട് 2022ല്‍ ഇരുവരും വിവാഹമോചിതരായിരുന്നു. ഈ ബന്ധത്തില്‍ 2 മക്കളുണ്ട്.