Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേഹമാണ് പോയത്, നിങ്ങളുടെ ശബ്ദവും ഭാവവും ഞങ്ങള്‍ക്കിടയിലുണ്ട്; അഭിനയത്തിന്റെ കൊടുമുടി കയറിയ അതുല്യ പ്രതിഭക്ക് വിട

ദേഹമാണ് പോയത്, നിങ്ങളുടെ ശബ്ദവും ഭാവവും ഞങ്ങള്‍ക്കിടയിലുണ്ട്; അഭിനയത്തിന്റെ കൊടുമുടി കയറിയ അതുല്യ പ്രതിഭക്ക് വിട
, ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (12:24 IST)
എത്ര എത്ര കഥാപാത്രങ്ങളാണ് മലയാള മനസ്സുകളില്‍ ഉപേക്ഷിച് താങ്കള്‍ മടങ്ങി പോവുന്നത്. മലയാള സിനിമയില്‍ അഞ്ചു പതിറ്റാണ്ടിലേറെ അഭിനയത്തിന്റെ കൊടുമുടി താണ്ടി അത്യുന്നതിയില്‍ നില്‍ക്കുന്ന അതുല്യ പ്രതിഭയുടെ വിയോഗം ഓരോ മലയാളിക്കും താങ്ങാവുന്നതിനും അപ്പുറമാണ്. നെടുമുടി എന്‍എസ്എസ് സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരിസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ശേഷം ആലപ്പുഴ എസ്.ഡി.കോളജില്‍ നിന്നും മലയാളസാഹിത്യത്തില്‍ ബിരുദം നേടി. കോളേജ് കാലഘട്ടത്തില്‍ കലാസാഹിത്യ രംഗങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. കാവാലം നാരായണ പണിക്കരുടെ നാടകങ്ങളിലൂടെയാണ് അഭിനയം എന്ന മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്. ആ സഞ്ചാര പാതയില്‍ സിനിമയെ കണ്ടുമുട്ടി. അവിടെ നമുക്ക് ലഭിച്ചത് പകരം വെക്കാനില്ലാത്ത മികച്ച അഭിനയ മൂര്‍ത്തിയെ.
 
ഭരതത്തിലെ മദ്യത്തിനടിമയായ വാശിക്കാരനും സംഗീത വിദ്വാനുമായ രാമനെ എങ്ങനെയാണ് നാം മറക്കേണ്ടത്? ബാലേട്ടനിലെ സ്‌നേഹനിധിയായ അച്ഛന്‍... ആ അച്ഛന്‍ മരിക്കുമ്പോള്‍ നമ്മള്‍ മാറിനിന്ന് വിതുമ്പിയത് നെടുമുടി വേണു എന്ന നടന്‍ ആ കഥാപാത്രം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്വന്തം അച്ഛനായി പരകായ പ്രവേശം ചെയ്തത് കൊണ്ടാണ്. വാക്കുകളും ശബ്ദ വ്യതിയാനങ്ങളും കണ്ണ് കൊണ്ടും ശരീരം കൊണ്ടും പോലുമുള്ള അഭിനയവും അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നുണ്ട്. 
 
അവസാനം ചാര്‍ളിയില്‍ കാത്തിരിപ്പിന്റെ സുഖത്തെ കുറിച്ച് പറയുന്ന പഴയ കാമുക ഹൃദയത്തെ ഇന്നത്തെ തലമുറയിലെ ഓരോരുത്തരും സാമൂഹ്യ മാധ്യമങ്ങളില്‍ സ്റ്റാറ്റസ് ആക്കി പ്രദര്‍ശിപ്പിക്കുന്നതിലൂടെ നെടുമുടി വേണു എന്ന കലാഹൃദയം പ്രായഭേദമന്യേ എല്ലാവരിലും തന്റെ സംഭാഷണ ശൈലിയിലൂടെ ഇടം നേടാന്‍ കഴിവുള്ളയാളാണെന്ന് തെളിയിക്കുകയാണ്.
 
സഹോദരന്‍, സ്‌നേഹം വിളമ്പുന്ന ഭര്‍ത്താവ്, നിരാശ കാമുകന്‍, ഭ്രാന്തന്‍, ഡോക്ടര്‍, അച്ഛന്‍, അപ്പൂപ്പന്‍, വില്ലന്‍ അങ്ങനെ എത്രയോ കഥാപാത്രങ്ങള്‍, ഒരു മനുഷ്യായുസ്സില്‍ ഒരാള്‍ക്കാവാന്‍ ഉതകുന്ന എല്ലാമായും മാറാന്‍ കെല്‍പ്പുള്ള നടന വൈഭവത്തെ യാത്രയാക്കാന്‍ കഴിയുന്നില്ല. പകരം വെക്കാനില്ലെന്നുള്ളത് വെറും വാക്കല്ല, പകരക്കാരനില്ലാതെയാണ് താങ്കള്‍ മടങ്ങുന്നത്. ബാക്കി വെക്കുന്നതോ ഒട്ടനവധി ഓര്‍മ്മകളും നനുത്ത ഒരു പുഞ്ചിരിയും നൂറുകണക്കിനു കഥാപാത്രങ്ങളും. ഭൗതികമായൊരു പിന്‍വാങ്ങല്‍ മാത്രമാണിത് ആത്മാവും ശബ്ദവും ഭാവവും ഭൂമിയില്‍ നിലനില്‍ക്കുന്നുണ്ട് മലയാളികള്‍ ഓരോരോരുത്തരിലും...

എഴുതിയത്: റിന്‍സി ഫാറൂഖ് 
webdunia

 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേണു അങ്കിളിനെ ഒടുവിലായി കണ്ടത് 2020ല്‍, ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ഭാമ