സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണം സ്ഥിരം ഏറ്റുവാങ്ങുന്ന ഒരാളാണ് നടി നിഖില വിമൽ. തെറ്റായ തലക്കെട്ടുകൾ കാരണം പലപ്പോഴും സോഷ്യൽ മീഡിയയുടെ തെറിവിളികൾ കേൾക്കേണ്ടി വരുന്നുണ്ടെന്നാണ് നിഖില വിമൽ പറയുന്നത്. വിറ്റ് ടോക്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'നമുക്ക് ഒന്നും ചെയ്യാനില്ല. നമ്മളെ ഇഷ്ടപ്പെടുന്നവർ ഉള്ളത് പോലെ തന്നെ ഇഷ്ടമില്ലാത്തവരുമുണ്ടാകും. എല്ലാവർക്കും നമ്മളെ ഇഷ്ടപ്പെടണം എന്ന് നിർബന്ധമില്ല. ഒരു അഭിമുഖത്തിൽ എന്റെ വീട്ടിൽ എല്ലാവരും വ്യത്യസ്ത രീതിയിൽ ചിന്തിക്കുന്ന ആളുകളാണെന്ന് ഞാൻ പറഞ്ഞു. അച്ഛൻ പഴയൊരു നക്‌സലേറ്റായിരുന്നു. ചേച്ചി സന്യാസത്തിലേക്ക് പോയി. ഞാൻ ഇങ്ങനെയാണ്. വീട്ടിൽ കുറച്ച് നോർമൽ ആയി ചിന്തിക്കുന്നത് എന്റെ അമ്മ മാത്രമാണ് എന്ന് ഞാൻ പറഞ്ഞു.
ഇത് റിപ്പോർട്ട് ചെയ്തത് 'എന്റെ വീട്ടിൽ നോർമൽ ആയിട്ടുള്ളത് അമ്മ മാത്രമാണ്: നിഖില വിമൽ' എന്നായിരുന്നു. അത് കണ്ടാൽ സ്വാഭാവികമായും ആളുകൾക്ക് നമ്മളെ വിളിച്ച് തെറി പറയാൻ തോന്നില്ലേ?. കഴിഞ്ഞ ദിവസം ഒരു ചാനലിൽ ഒരു വാർത്ത കണ്ടിരുന്നു. ഞാനൊരു ഇന്റർവ്യു കൊടുത്തിട്ടു തന്നെ ആറ് മാസം ആയിക്കാണും. ഒളിവിൽ പോയതു പോലെയായിരുന്നു.
മുമ്പെപ്പോഴോ ഞാൻ പറഞ്ഞിരുന്നു, സംസാരിക്കുന്ന പെൺകുട്ടികളെ എല്ലാവർക്കും ഇഷ്ടമായിരിക്കണം എന്നില്ലെന്ന്. ഇന്നലെയോ മിനഞ്ഞാന്നോ അത് വന്നിരിക്കുകയാണ്. സംസാരിക്കുന്ന പെൺകുട്ടികളെ എല്ലാവർക്കും ഇഷ്ടമല്ല എന്ന് നിഖില വിമൽ എന്നും പറഞ്ഞ്. ഞാൻ നിന്നോട് എപ്പോൾ പറഞ്ഞെടാ എന്നാണ് അത് കാണുമ്പോൾ ഞാൻ ആലോചിക്കുന്നത്.
എന്തിനൊക്കെയാണ് നമ്മൾ പ്രതികരിക്കുക? എല്ലാത്തിനും പ്രതികരിക്കാനാകില്ല. എല്ലാ ദിവസവും നമ്മളിത് കേൾക്കാനാകില്ല. എല്ലാവർക്കുമെന്നത് പോലെ ഞങ്ങൾക്കും നല്ല ദിവസങ്ങൾ ഉണ്ടാകണമല്ലോ. അവർക്ക് നമ്മളോട് വ്യക്തിവൈരാഗ്യമൊന്നും ഉണ്ടാകണമെന്നില്ല. കണ്ടന്റിന് വേണ്ടി ചെയ്യുന്നതാകുമെന്നും താരം പറയുന്നു. അതേസമയം, ഞാൻ പറഞ്ഞുവെന്ന് പറഞ്ഞ് നിങ്ങൾ ഇടുന്നതിൽ എനിക്ക് തെറ്റില്ല. പക്ഷെ ഞാൻ പറഞ്ഞത് മുഴുവനും ഇടണം.
അമ്മ അത് കണ്ട് എന്നെ വിളിച്ച് നിനക്കെന്തായിരുന്നുവെന്ന് ചോദിച്ചു. മരിച്ചു പോയ എന്റെ അച്ഛനെ വരെ വിളിച്ച് തെറിവിളിക്കും. നിന്റെ അച്ഛൻ നക്‌സൽ അല്ലേ, അയാൾ മരിച്ചു പോയത് നന്നായെന്നൊക്കെയാണ് പറയുക. എന്തിനാണ് ഇതൊക്കെ പറയുന്നത് എന്ന് തോന്നും. അതൊന്നും സോഷ്യൽ റെസ്‌പോൺസിലിറ്റിയാണെന്ന് തോന്നുന്നില്ല. അത് കേൾക്കുമ്പോൾ നമുക്ക് ബുദ്ധിമുട്ട് തോന്നും. എന്നാൽ ഇപ്പോൾ അതൊക്കെ കടന്നു പോകാൻ ഞാൻ പഠിച്ചു', നിഖില പറയുന്നു.