'ഷീലു മാഡത്തിന് നഷ്ടപ്പെട്ട അരമന വീടും അഞ്ഞൂറേക്കറും തിരികെ കൊടുത്ത അനൂപ് ചേട്ടനും ധ്യാന്‍ സാറും'; പരിഹസിച്ച് ഒമര്‍
ബാഡ് ബോയ്‌സിന്റെ സംവിധാനം ഒമര്‍ ലുലു ആയിരുന്നു.
നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാമിനേയും നടന്മാരായ അനൂപ് മേനോനേയും ധ്യാന്‍ ശ്രീനിവാസനേയും പരിഹസിച്ച് സംവിധായകന്‍ ഒമര്‍ ലുലു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'രവീന്ദ്രാ നീ എവിടെ?' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഷീലു നടത്തിയ പരാമര്‍ശത്തിന് പരോക്ഷമായി മറുപടി നല്‍കിയിരിക്കുകയാണ് ഒമര്‍ ലുലു. ബാഡ് ബോയ്‌സിന്റെ സംവിധാനം ഒമര്‍ ലുലു ആയിരുന്നു.
ബാഡ് ബോയ്‌സിലൂടെ ഷീലുവിന് നഷ്ടപ്പെട്ട അരമന വീടും അഞ്ഞൂറേക്കറും അനൂപ് മേനോനും ധ്യാനും ചേര്‍ന്ന് തിരിച്ചു വാങ്ങിക്കൊടുത്തുവെന്നാണ് ഒമര്‍ ലുലു പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം.
''ബഹുമാന്യരായ നാട്ടുകാരെ, ഒരു ദശാബ്ദ കാലമായി മലയാള സിനിമയില്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ്‌സ് മാത്രം സമ്മാനിക്കുന്ന അനൂപ് മേനോന്‍ ചേട്ടനും, തന്റെ ഉള്ളിലെ കഴിവ് അഭിനയത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ നാല് സ്‌ക്രിപ്പ്റ്റുകള്‍ എഴുതി സമ്മാനിച്ച ധ്യാന്‍ സാറും കൂടി മറ്റൊരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് നല്‍കി കൊണ്ട് നായികയും നിര്‍മാതാവുമായ ഷീലു മാഡത്തിന് ബാഡ്‌ബോയ്‌സിലൂടെ നഷ്ടപ്പെട്ടുപോയ അരമന വീടും അഞ്ഞൂറേക്കരും തിരികെ വാങ്ങിക്കൊടുത്തതിന് ഒരായിരം അഭിനന്ദനങ്ങള്‍'' എന്നാണ് ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാന്‍ അധികനേരം വന്നില്ല. നിരവധി പേര്‍ കമന്റുകളുമായി എത്തി. ഷീലു അവര്‍ക്ക് നഷ്ടം വന്ന സിനിമയെക്കുറിച്ച് പറയാന്‍ പാടില്ലായിരുന്നുവല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് ഒമര്‍ നല്‍കിയ മറുപടി അവരൊന്ന് സര്‍ക്കാസിച്ചു, ഞാനുമൊന്ന് സര്‍ക്കാസിച്ചു. അത് സൗഹൃദപൂര്‍വ്വമുള്ള സര്‍ക്കാസമാണ് എന്നായിരുന്നു.