Bad Boyz Review: വീണ്ടും നിരാശപ്പെടുത്തി ഒമര്‍ ലുലു; ബാഡ് ബോയ്‌സ് 'ബാഡ്' തന്നെയെന്ന് പ്രേക്ഷകര്‍
സാരംഗ് ജയപ്രകാശ് ആണ് തിരക്കഥയും സംഭാഷണവും
Bad Boyz Review: റഹ്‌മാന്‍, ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, ടിനി ടോം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത 'ബാഡ് ബോയ്സ്' തിയറ്ററുകളില്‍. ബാഡ് ബോയ്‌സിനു മോശം പ്രതികരണമാണ് ആദ്യ ഷോയ്ക്കു ശേഷം ലഭിക്കുന്നത്. കണ്ടുപഴകിയ തട്ടിക്കൂട്ട് പടമെന്നാണ് മിക്കവരുടെയും അഭിപ്രായം. കുറേ വലിയ താരങ്ങള്‍ ഉണ്ടെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ പുതുമയുള്ളതൊന്നും സിനിമയില്‍ ഇല്ലെന്നും ചില പ്രേക്ഷകര്‍ പറയുന്നു. മാസ് മസാല ചേരുവകള്‍ ധാരാളം ഉണ്ടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സംവിധായകനു സാധിച്ചിട്ടില്ലെന്ന് ഒരാള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. തമാശകള്‍ വര്‍ക്ക്ഔട്ട് ആയിട്ടില്ലെന്നും തിരക്കഥ മോശമാണെന്നും അഭിപ്രായമുള്ളവരും ഉണ്ട്.
ഈ സിനിമയില്‍ അഭിനയിച്ച യുട്യൂബര്‍ സന്തോഷ് വര്‍ക്കിയും (ആറാട്ടണ്ണന്‍) ചിത്രത്തിനു മോശം അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ' സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ അഭിനയിച്ച ബാഡ് ബോയ്സ് എന്ന സിനിമ യാതൊരു ലോജിക്കും ഇല്ലാത്തതാണ്. ക്ലീഷേ സിനിമയാണ്. മാസ് മസാല ഫിലിം ആണ്. ഈ ഫിലിം എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന് എനിക്ക് അറിയില്ല. ഞാന്‍ അഭിനയിച്ച സിനിമ ആണെങ്കിലും നിഷ്പക്ഷമായി മാത്രമേ റിവ്യു പറയൂ. ഒരു ലോജിക്കും ഇല്ല. ഒരുപാട് താരങ്ങള്‍ ഉണ്ട്. ഒട്ടും റിയലസ്റ്റിക്ക് അല്ല. ഇങ്ങനെയൊരു സിനിമയില്‍ അഭിനയിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു,' സന്തോഷ് വര്‍ക്കി പറഞ്ഞു.
ശങ്കര്‍, ബാല, ഭീമന്‍ രഘു, ഷീലു എബ്രഹാം, ബിബിന്‍ ജോര്‍ജ് തുടങ്ങിയവരും ബാഡ് ബോയ്സില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. സാരംഗ് ജയപ്രകാശ് ആണ് തിരക്കഥയും സംഭാഷണവും. ഡിഒപി ആല്‍ബിയും സംഗീതം വില്യം ഫ്രാന്‍സിസും നിര്‍വഹിച്ചിരിക്കുന്നു. എബ്രഹാം മാത്യൂസ് ആണ് നിര്‍മാണം.