P V Shajikumar, Indo- Pak conflict
ഏറിയ പങ്ക് മലയാളികള്‍ക്ക് യുദ്ധമെന്ന് പറയുന്നത് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ നടക്കുന്ന വെടിയൊച്ചകളും ടെലിവിഷനിലെ ഘോരഘോരമായ ചര്‍ച്ചകളുമാണ്. യുദ്ധം വേണമെന്ന് ആവേശം കൊള്ളുന്ന മലയാളികളില്‍ ഭൂരിഭാഗത്തിനും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ പറ്റിയോ യുദ്ധത്തിന്റെ കെടുതികളെ പറ്റിയോ ഉള്ള ധാരണകളില്ല. ആര്‍മിയില്‍ ചേരുന്നതില്‍ നിന്നും മക്കളെ പിന്തിരിപ്പിക്കുന്ന അച്ഛന്മാരും അമ്മമാരുമാണ് മലയാളികളില്‍ അധികവും. ഇപ്പോഴിതാ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ എഴുത്തുക്കാരനായ പി വി ഷാജികുമാര്‍ പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കിയതോടെ പഞ്ചാബിലെ പത്താന്‍കോട്ടിലെ മിലിട്ടറില്‍ ക്യാമ്പില്‍ ജോലി ചെയ്യുന്ന തന്റെ മരുമകനായ ഉദ്യോഗസ്ഥനുമായി നടത്തിയ ഫോണ്‍ കോളിനെ പറ്റിയാണ് ഷാജികുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. നടനാവണമെന്ന് ആഗ്രഹിക്കുകയും പുസ്തകങ്ങളോടുള്ള ഇഷ്ടം വിട്ടുപോകാത്തവനുമായ അവന്‍ ശത്രുവിന്റെ ഡ്രോണുകളെ ഉന്നം വെച്ച് കിടക്കുന്ന ഒരു പട്ടാളക്കാരനാണ് ഇപ്പോള്‍, ഖാലിദ് ഹൊസൈനിയുടെ പട്ടം പറത്തുന്നവര്‍ എന്ന പുസ്തകം വായിക്കുമ്പോള്‍ സങ്കടം വരുന്നൊരു പട്ടാളക്കാരന്‍.
പി വി ഷാജികുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
പഞ്ചാബിലെ പത്താന്‍കോട്ടിലെ മിലിട്ടറി ക്യാമ്പിലാണ് രഞ്ജു(രജിന്‍), എന്റെ മൂത്തചേച്ചി ഉഷയേട്ടിയുടെ മകന്‍. അവന്‍ ഒറ്റയൊരുത്തന്‍ കാരണമാണ് വെറും ആറാംവയസില്‍ എനിക്ക് അമ്മാവനാവേണ്ടി വന്നത്..!
നടനാവണമെന്നായിരുന്നു അവന് ആഗ്രഹം, ജീവിതം പതിനെട്ടാം വയസില്‍ കോഴിക്കോട്ടെസില്‍വര്‍ ഹില്‍സ് ഗ്രൗണ്ടില്‍ വെച്ച് നടന്ന മിലിട്ടറി റിക്രൂട്ട്‌മെന്റില്‍ അവനെ പട്ടാളക്കാരനാക്കി.
മിലിട്ടറിയിലെത്തിയിട്ടും സിനിമകളോടും പുസ്തകങ്ങളോടുമുള്ള ഇഷ്ടം വിട്ടുപോയിട്ടില്ലവന്. എന്റെയടുത്ത് നിന്ന് കൊണ്ടുപോയ ഖാലിദ് ഹൊസൈനിയുടെ 'പട്ടം പറത്തുന്നവര്‍' ആണ് അവന്റെ പ്രിയപുസ്തകം. അത് വായിക്കുമ്പോഴെല്ലാം സങ്കടം വരുമെന്ന് അവന്‍ പറയും.
ഓപ്പറേഷന്‍ സിന്തൂറില്‍ ഇന്ത്യ തിരിച്ചടിച്ച ഇടങ്ങളിലൊന്ന് അവന്റെ ക്യാമ്പില്‍ നിന്ന് 30 കിലോമീറ്റര്‍ അപ്പുറത്തായുള്ള പാക്പ്രവിശ്യയായിരുന്നു. അന്ന് മുതല്‍ പത്താന്‍കോട്ടില്‍ 15 മീറ്റര്‍ നീളത്തില്‍ താല്‍ക്കാലികമായുണ്ടാക്കിയ ഇരുമ്പുകൂടാരത്തിലാണ് അവനും കൂടെയുള്ള പട്ടാളക്കാരും ശത്രുക്കളെയും നോക്കി രാത്രിയില്ലാതെ ജാഗരൂകരായിരിക്കുന്നത്. വെളിച്ചമെല്ലാം കെടുത്തി, ഒച്ചയേതുമുണ്ടാക്കാതെ.
മിനിയാണ് രാത്രിയില്‍ പത്താന്‍കോട്ടിലും സമീപദേശങ്ങളിലും വന്ന പാക്‌ഡ്രോണുകളെയെല്ലാം അവര്‍ തകര്‍ത്തിട്ടു.
ഒരു ഡ്രോണ്‍ കൂടി ചുറ്റിത്തിരിയിന്നുണ്ട് ഷാജിമ്മാമാ..അതിനെ ലക്ഷ്യമിട്ടിരിക്കുകയാ..
പാതിരാത്രിയില്‍ ഞാന്‍ വിളിക്കവെ അവന്‍ പറഞ്ഞു.
അതും തീര്‍ത്തിട്ടാണ് അവരുടെ ആ രാത്രി തീര്‍ന്നത്.
രണ്ട് ദിവസത്തിനുള്ളില്‍ ഫസ്റ്റ് റെജിമെന്റായി നമ്മള്‍ ജമ്മുവിലേക്ക് പോകേണ്ടിവരുമെന്ന് പിറ്റേന്ന് അവന്‍ നിസംഗതയോടെ പറഞ്ഞപ്പോള്‍ എന്റെ മനസ് വിങ്ങി.
''നമ്മള്‍ പട്ടാളക്കാരുടെ കടമയല്ലേ ഷാജിമ്മാമാ. നമ്മളല്ലേ അത് ചെയ്യേണ്ടത്..''
അവന്‍ പറഞ്ഞു.
''നീ ശ്രദ്ധിക്കണം..''
വാക്കുകളിടറാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
''ഞാന്‍ മാത്രമല്ലല്ലോ.. എല്ലാരുമില്ലേ..'
അവനത് പറഞ്ഞപ്പോള്‍ എനിക്കുത്തരം ഇല്ലായിരുന്നു.
''നിങ്ങളുടെ ശ്രദ്ധയാടാ ഞങ്ങളൊക്കൊ ഇപ്പൊ ബാക്കിയായി നില്‍ക്കുന്നേ..''
എനിക്ക് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല.
അതിര്‍ത്തിയില്‍ കാവലാളായി നില്‍ക്കുന്നവരെ പരിഹാസ്യരായി കാണുന്ന ചില മനുഷ്യരെ ആ നേരം ഓര്‍ത്തു.,യുദ്ധത്തിന് വെറി പൂണ്ടുനടക്കുന്ന ചില മനുഷ്യരെയും...
പട്ടം പറഞ്ഞുന്നവരിലെ ഒരു വാചകം മാത്രം മനസില്‍ തെളിയുന്നു: ..
'' വസന്തം വന്നെത്തുമ്പോള്‍ മഞ്ഞുപാളികള്‍ ഒന്നായ് ഉരുകി വീഴില്ല. മെല്ലെ മെല്ലെ ഓരോ പാളികളായ്..'