എന്ത് ചെയ്യുമെന്ന് യാതൊരു ബോധവുമില്ലാത്തവരാണ് പാകിസ്താൻ, വിജയം ഇന്ത്യയ്ക്ക്: വന്ദേ മാതരം വിളിച്ച് നവ്യാ നായർ
പ്രസംഗത്തിനിടെ താരം വന്ദേമാതരം മുഴക്കുകയും ചെയ്തു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഉണ്ടായ ഇന്ത്യ-പാകിസ്ഥാൻ പ്രതിസന്ധിയിൽ പ്രതികരിച്ച് നടി നവ്യ നായർ. പാകിസ്ഥാൻ ആക്രമണവും തിരിച്ചടിയും തുടരുന്നതിനിടെയാണ് ഇന്ത്യൻ സൈന്യത്തിനുവേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് നവ്യ രംഗത്ത് വന്നത്. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും പ്രാർഥിക്കുന്നതിനൊപ്പം ഇന്ത്യൻ സൈന്യത്തിനുവേണ്ടി ഒരുനിമിഷം പ്രാർഥിക്കണമെന്ന് നവ്യാ നായർ പറഞ്ഞു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീമഹാദേവർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു നവ്യ. പ്രസംഗത്തിനിടെ താരം വന്ദേമാതരം മുഴക്കുകയും ചെയ്തു.
'ഇപ്പോൾ വരുന്നവഴി വായിച്ചതാണ്, മിസൈൽ നമ്മുടെ മുറ്റത്തേക്ക് വീഴാത്ത കാലത്തോളം നമ്മളെ സംബന്ധിച്ച് യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ്. നമ്മൾ ആരും ആ യുദ്ധത്തിന്റെ തീവ്രതയോ ഭീകരതയോ അറിയുന്നില്ല. പക്ഷേ, നമുക്ക് ചെയ്യാൻ പറ്റുന്നത് ഒന്നേയുള്ളൂ. നമുക്ക് ദൈവത്തോട് പറയാൻ നൂറുകൂട്ടം കാര്യങ്ങളുണ്ടാവുമല്ലേ? പ്രാർഥനകളുടെ പെരുമഴയാണ്. നിങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും പ്രാർഥിക്കുന്നതിനൊപ്പം, നമുക്കുവേണ്ടി യുദ്ധംചെയ്യാൻ സന്നദ്ധരായി പോകുന്ന, നമുക്കുവേണ്ടി ജീവൻ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യൻ ആർമിക്കുവേണ്ടി നമുക്ക് ഒരുനിമിഷം പ്രാർഥിക്കണം.
യുദ്ധം എന്നും ഒരുപാട് നഷ്ടങ്ങളുണ്ടാക്കുന്ന അവസ്ഥയാണ്. ഇന്ന് നമ്മൾ ഏവരും ഉറ്റുനോക്കുന്നത് പാകിസ്താനെതിരെ ഇന്ത്യ എന്തുചെയ്തു എന്നായിരിക്കും. എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് അപ്പുറത്തുനിൽക്കുന്ന പാകിസ്താൻ. അതുകൊണ്ട് ഇപ്പുറത്തുനിൽക്കുന്ന ഇന്ത്യക്കാർ ഒന്നൊരുമിച്ച്, വന്ദേമാതരം വിളിക്കണം. അതുമാത്രമേ പ്രാർഥിക്കാനുള്ളൂ. നമ്മുടെ ഇന്ത്യൻ ആർമിക്ക് നമ്മൾ കൊടുക്കേണ്ട് ഈ ഇൻസ്പിരേഷനാണ്. ഒന്നിച്ച് ഒറ്റക്കെട്ടായിനിന്ന് പോരാടണം. വിജയം സുനിശ്ചിതം, ഇന്ത്യ തന്നെയായിരിക്കും വിജയിക്കുന്നുണ്ടാവുക.
എല്ലാ അർഥത്തിലും സമാധാനം നിലനിർത്താൻ കഴിയട്ടെ. ഇനിയൊരു പഹൽഗാം ആവർത്തിക്കാതിരിക്കാനുള്ള മുന്നോടിയായി മാറട്ടെ. ഇത് വലിയൊരു യുദ്ധത്തിലേക്ക് കലാശിക്കാതിരിക്കട്ടെ. പെട്ടെന്ന് തന്നെ ഇതൊക്കെ മാറട്ടെ. നമ്മുടെയും നമ്മുടെ സഹോദരങ്ങളുടേയും ജീവിതം സമാധാനത്തിലാവട്ടെ. ഇന്ത്യയിൽ സമാധാനം നിലനിർത്താൻ സാധിക്കട്ടെ', നവ്യ പറഞ്ഞു.