Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിനയന്‍ ജനങ്ങള്‍ക്ക് കൃത്യമായി മറുപടി കൊടുക്കണം,ഒഴിവാക്കിയത് ചോദ്യം ചെയ്യപ്പെടേണ്ടത്, ഗായകന്‍ പന്തളം ബാലന്റെ കുറിപ്പ്

Pandalam Balan (പന്തളം ബാലന്‍) Singer Pathonpatham Noottandu - Official Trailer | Vinayan | Siju Wilson | Chemban Vinod | Gokulam Gopalan

കെ ആര്‍ അനൂപ്

, ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (12:56 IST)
വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയില്‍ താന്‍ പാടിയ ഗാനം ഒഴിവാക്കിയെന്ന് ആരോപിച്ച് ഗായകന്‍ പന്തളം ബാലന്‍ രംഗത്ത്.
 
പന്തളം ബാലന്റെ വാക്കുകള്‍
 
19 - ആം നൂറ്റാണ്ട് എന്ന സിനിമയില്‍ നിന്നും ഡയറക്ടര്‍ വിനയന്‍ എന്റെ പാട്ട് ഒഴിവാക്കി. രണ്ടുവര്‍ഷമായി ഞാന്‍ കാത്തിരുന്നു. വീണ്ടും നിരാശ. ചാതുര്‍വര്‍ണ്യത്തിന്റെയും നങ്ങേലിയുടെയും കഥ പറയുന്ന അടിമത്തത്തിന്റെ കഥ പറയുന്ന ഈ സിനിമയില്‍ നിന്നും പിന്നോക്ക വിഭാഗത്തില്‍ ജനിച്ചു വളര്‍ന്ന 40 വര്‍ഷമായി സംഗീത രംഗത്ത് നില്‍ക്കുന്ന എന്നെപ്പോലെ ഒരു കലാകാരനെ ഒഴിവാക്കിയത് തീര്‍ത്തും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഈ സിനിമയുടെ സന്ദേശംതന്നെ എന്നെപ്പോലെയുള്ള കലാകാരന്മാരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി അവര്‍ക്ക് നീതി നേടി കൊടുക്കുന്നതിനു വേണ്ടിയുള്ള സിനിമയാണ്. പക്ഷേ എന്നോട് കാണിച്ച നീതികേട് എന്നെ ഇഷ്ടപ്പെടുന്ന എന്റെ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ക്ക് വേദനയായി എന്നുള്ളതില്‍ യാതൊരു സംശയവുമില്ല. ചിലര്‍ കരഞ്ഞു. എന്ത് കാരണത്താല്‍ ഒഴിവാക്കി എന്നുള്ള ഒരു സ്റ്റേറ്റ്‌മെന്റ് വിനയന്‍ എന്ന ഡയറക്ടര്‍ കൊടുക്കണമായിരുന്നു. ജനങ്ങളോട് അത് വിശദീകരണമായിരുന്നു. 40 വര്‍ഷമായിട്ട് സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കലാകാരനാണ് ഞാന്‍. പുതിയൊരു ഗായകനെ വിളിച്ചിട്ട് പാട്ടില്ല എന്ന് പറയുന്നതുപോലെ അല്ല. എനിക്ക് എന്റേതായ അഡ്രസ്സ് ഒരിടം ഞാന്‍ കേരളത്തില്‍ പാടി ഉണ്ടാക്കിയിട്ടുണ്ട്. അതിനു വെറും പുല്ലുവിലയാണ് ഡയറക്ടര്‍ കല്‍പ്പിച്ചത്. ഇത് തികച്ചും നിരുത്തരവാദപരമാണ് ചോദ്യം ചെയ്യപ്പെടേണ്ടതാണ് സമൂഹം. പലരും എന്നോട് പറയാറുണ്ട് അവസരം തരാമെന്ന്. ഞാന്‍ ആരുടെ അവസരങ്ങള്‍ ചോദിച്ചു പോകാറില്ല. ഈ പടത്തില്‍ പാടണമെന്ന് വിനയന്‍ സാര്‍ തന്നെയാണ് ആദ്യമായി എന്നെ വിളിച്ചത്. കൊറോണയുടെ ഭീകര സമയത്ത് ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് ഞാന്‍ പാടിയ ഗാനമാണിത്.സംഗീത സംവിധായകന്‍ ജയചന്ദ്രന്‍ രാവിലെ 11:30 മുതല്‍ രാത്രി ഒമ്പതര മണി വരെ എന്നെക്കൊണ്ട് ഈ ഗാനം പാടിച്ചു അത് ഏറ്റവും മനോഹരമായിട്ട് എന്റെ കഴിവിനനുസരിച്ച് ഞാന്‍ പാടുകയും ചെയ്തിട്ടുണ്ട്. വളരെ വലിയ റേഞ്ചുള്ള ഒരു പാട്ടായിരുന്നു. അതുകഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് വിനയന്‍ സാര്‍ എന്നെ വിളിച്ചത് ഈ പാട്ട് ബാലന്‍ പാടും ആരോട് വേണമെങ്കിലും പറഞ്ഞോ എന്ന് പറഞ്ഞ ഒരൊറ്റ വാക്കിലാണ് ഞാന്‍ ഇത് പബ്ലിക്കില്‍ പറഞ്ഞത്. ഈകഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നടന്ന എല്ലാ ഇന്റര്‍വ്യൂസിലും ഗാനമേള പരിപാടികളിലും മറ്റ് സാംസ്‌കാരിക പരിപാടികളിലെല്ലാം തന്നെ ഞാന്‍ ഈ സിനിമയില്‍ പാടിയ കാര്യം പൊതുവേദികളില്‍ പറഞ്ഞിരുന്നു. ഞാന്‍ അവരോടൊക്കെ എന്ത് സമാധാനമാണ് പറയേണ്ടത്. എന്നെ ഒന്ന് നേരിട്ട് ഫോണില്‍ വിളിച്ചു പറയാന്‍ സംവിധായകന് കഴിഞ്ഞില്ല. അതുതന്നെ ഏറ്റവും വലിയ തെറ്റായിട്ടാണ് ഞാന്‍ കാണുന്നത്. വിനയന്‍ സാര്‍ വലിയ നട്ടെല്ലുള്ള സംവിധായകനാണെന്നാണ് പൊതുജനം വിലയിരുത്തുന്നത്. പക്ഷേ എനിക്ക് തോന്നുന്നില്ല. ഒരാള്‍ക്ക് ഒരു അവസരം കൊടുക്കണം എന്ന് തീരുമാനിച്ചാല്‍ അത് കൊടുക്കുകതന്നെ വേണം . വാക്കും പ്രവര്‍ത്തിയും ഒരുപോലെ വരുന്നവനാണ് മനുഷ്യന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. തീര്‍ത്തും നിരുത്തരവാദപരമായ പ്രവര്‍ത്തിയാണ് ഇത്. ഞാനും എന്റെ കുടുംബവും ഒരുപാട് വേദനിച്ചു. ഒരാളുടെ കണ്ണുനീര് വീഴ്ത്തിക്കൊണ്ട് ഒരു സംരംഭങ്ങളും വിജയിച്ചിട്ടില്ല.പ്രത്യേകിച്ച് സത്യത്തില്‍ മാത്രം വിശ്വസിച്ച് ജീവിച്ച ഒരു കലാകാരനാണ് ഞാന്‍. പല കോണുകളില്‍ നിന്നും എന്നെ അടിച്ചമര്‍ത്തപ്പെട്ട പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ അതിനെയൊക്കെ തരണം ചെയ്ത് മുന്നോട്ടുവന്നത് എന്റെ കഴിവ് കൊണ്ട് മാത്രമാണ്. എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കര്‍ഷക തൊഴിലാളികള്‍ ഉണ്ട്.. ഒരുപാട് പാവപ്പെട്ടവരുണ്ട് എന്നെയും എന്റെ പാട്ടിനെയും സ്‌നേഹിക്കുന്ന ഒരുപാട് പ്രവാസികളുണ്ട്. അവരോടൊക്കെ ഞാന്‍ എന്ത് സമാധാനം പറയും വിനയന്‍ സാറേ. സാറ് ഈ പടത്തിന്റെ ഓരോ സന്തോഷവും പങ്കുവയ്ക്കുമ്പോഴും എന്റെ കണ്ണുനിറയുന്നുണ്ട്. സാര്‍ വലിയ ആളാണ്. പക്ഷേ ഒരു കാര്യമുണ്ട് സാറ് ഈ ഫീല്‍ഡില്‍ സിനിമ ഫീല്‍ഡില്‍ വരുന്നതിനു മുമ്പ് പന്തളം ബാലനുണ്ട്. ഭൂമി ഉരുണ്ടതാണ്. എല്ലാ വിജയങ്ങളും താല്‍ക്കാലികം മാത്രമാണ്. ഏറെ പ്രതീക്ഷയോടെയാണ് ഞാന്‍ ജീവിക്കുന്നത്. ഒരു സിനിമയില്‍ പാടിയാല്‍ എല്ലാം ആയി എന്ന് വിശ്വസിക്കുന്ന ഒരാളും അല്ല ഞാന്‍. പ്രതീക്ഷയോടെ തന്നെയാണ് എന്റെ ജീവിതവും എന്നെയും മുന്നോട്ടു നയിക്കുന്നത്. സാര്‍ എനിക്ക് അയച്ച വോയിസ് മെസ്സേജില്‍ പറഞ്ഞിട്ടുണ്ട് ഇപ്പോള്‍ എടുത്ത തീരുമാനമല്ല കുറച്ചുനാള്‍ മുന്‍പേ എടുത്ത് തീരുമാനമാണെന്ന്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ എന്നെ നേരത്തെ അറിയിച്ചില്ല. ഓഡിയോ റിലീസ് ചെയ്യുന്ന ദിവസമാണ് ഇങ്ങനെ ഒരു മെസ്സേജ് എന്നോട് അറിയിക്കുന്നത്. ഞാന്‍ വിളിച്ചിട്ട് സാര്‍ ഫോണ്‍ എടുത്തില്ല. കുറച്ചു കഴിഞ്ഞ് സാര്‍ എനിക്ക് ഒരു വോയിസ് മെസ്സേജ് ഇട്ടു. സിനിമയുടെ കാര്യങ്ങളല്ലേ .. സാറിന്റെ വോയിസ് മെസ്സേജ് ഞാന്‍ എന്റെ ഭാര്യയും എന്റെ മരുമകളുടെയും മുമ്പില്‍ വച്ച് സ്പീക്കര്‍ ഫോണില്‍ ഓണ്‍ ചെയ്തു ഞങ്ങള്‍ ഒരുമിച്ചാണ് കേട്ടത്. സത്യത്തില്‍ തകര്‍ന്നുപോയ നിമിഷമാണ് ഞാന്‍. എന്റെ ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളില്‍ എന്നെ സമാധാനിപ്പിച്ച എന്റെ ഭാര്യയും മക്കളും അവരുടെ സങ്കടവും അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അറിയൂ. വിജയങ്ങള്‍ എല്ലാം നന്നായിരിക്കട്ടെ സര്‍. ഇനിയും കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ അവസരങ്ങള്‍ ഉണ്ടാകട്ടെ ആ സിനിമയില്‍ ഒന്നും പാടാന്‍ ആയിഎന്നെ വിളിക്കണ്ട. ഞാന്‍ ആരുടെയും അവസരങ്ങള്‍ ചോദിച്ചു പോകുന്ന ആളുമല്ല. എനിക്കും നല്ലൊരു കാലം ഉണ്ട് എന്നുള്ള പ്രതീക്ഷയോടെ തന്നെയാണ് ഞാന്‍ എന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അടിമത്തത്തിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും ജാതീയതയുടെയും കഥ പറയുന്ന 19 നൂറ്റാണ്ടില്‍ എന്നെപ്പോലൊരു ദലിതനായ ഗായകനെ ഒഴിവാക്കിയിട്ട് എന്ത് സന്ദേശമാണ് നമ്മുടെ സമൂഹത്തിന് സിനിമ നല്‍കുന്നത്. സാര്‍ കൃത്യമായി മറുപടി കൊടുക്കണം ജനങ്ങള്‍ക്ക്.. സാര്‍ എന്ന് വിളിക്കാന്‍ എനിക്ക് സത്യത്തില്‍ ഇപ്പോള്‍ മടിയാണ്...ഒരുപാട് വേദനയോടെ പന്തളം ബാലന്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസിന് ഇനി രണ്ട് നാള്‍ കൂടി, ഗൗതം മേനോന്റെ 'വെന്ത് തനിന്തതു കാട്', പുതിയ വിവരങ്ങള്‍