ഭക്തർക്ക് സൗഖ്യം തരുന്ന ശുശ്രൂഷകനായി ഫഹദ് ഫാസിൽ അഭിനയിച്ച ട്രാൻസ് സിനിമക്കെതിരെ ശാപവാക്കുകളുമായി പാസ്റ്റർ. ദൈവങ്ങളെ വെച്ച് ആളുകളെ വഞ്ചിക്കുകയും മുതലെടുക്കുകയും ചെയ്യുന്നവരെ വിമർശിക്കുന്നതായിരുന്നു അൻവർ റഷീദ് സംവിധാനം ചെയ്‌ത ട്രാൻസ് എന്ന ചിത്രം. സൗഖ്യ ശൂശ്രൂഷകരെന്ന വ്യാജത്തിൽ പണമുണ്ടാക്കുന്നവരെയായിരുന്നു ചിത്രത്തിൽ നേരിട്ട് വിമർശിച്ചത്. ഇതിൽ പ്രകോപിതനായാണ് പാസ്റ്റർ സിനിമക്കും അതിന്റെ അണിയറപ്രവർത്തകർക്കുമെതിരെ ശാപവാക്കുകളുമായി രംഗത്തെത്തിയത്.
എന്തിനെ പറ്റി സിനിമയെടുക്കണമെന്ന് അറിയാത്തവർ അവസാനമായി ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത് പാസ്റ്റർമാരുടെ മോളിലേക്കാണ്. പാസ്റ്റർമാരുടെ പേരുപയോഗിച്ച് പണമുണ്ടാക്കാൻ ശ്രമിക്കുകയാണ് സിനിമാക്കാർ ചെയ്യുന്നത്. വേറെ നിവർത്തി ഒന്നുമില്ലെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ സന്തോഷം മാത്രമേയുള്ളുവെന്നും പാസ്റ്റർ പറഞ്ഞു. ആവശ്യം പോലെ പാസ്റ്റർമാരുടെ പേരിൽ സിനിമ ചെയ്‌ത് തിന്നുവാനുള്ള വക തേടിക്കൊള്ളുവെന്നും പാസ്റ്റർ വീഡിയോയിൽ പരിഹസിക്കുന്നുണ്ട്.
സിനിമയിൽ പറയുന്നത് പോലെ യാതൊന്നും പെന്തക്കോസ്റ്റിന്റെ സഭകളിൽ സംഭവിക്കുന്നില്ലെന്നും സിനിമ കണ്ടാൽ സംഭവിക്കുവാൻ പോകുന്നത് സിനിമയിൽ പറഞ്ഞപോലെ നടക്കുന്നുണ്ടോ എന്നറിയാൻ ലക്ഷങ്ങൾ, കോടികൾ ഇതിങ്ങനെയാണോ എന്നറിയാൻ ആരാധനാലയങ്ങളിലേക്ക് വരാൻ പോകുകയാണെന്നും കാര്യങ്ങൾക്ക് മാറ്റം സംഭവിക്കാൻ പോകുകയാണെന്നും പാസ്റ്റർ പറയുന്നു.സിനിമ എടുത്തവർക്കും അഭിനയിച്ചവർക്കും അതിൽ പ്രവർത്തിച്ച സകല ആളുകൾക്കുമെതിരെ ദൈവത്തിന്റെ പ്രവർത്തിയുണ്ടാകുമെന്ന് ശപിച്ചാണ് വീഡിയോ അവസാനിക്കുന്നത്.