Mohanlal Viral Video: 'പറ്റിപ്പോയതാണ്, ക്ഷമിക്കണം': മോഹൻലാലിനെ വിളിച്ച റിപ്പോർട്ടറോട് താരം പറഞ്ഞതിങ്ങനെ
കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ഒരു വീഡിയോ വൈറലായിരുന്നു.
സിനിമ താരങ്ങളെ പൊതുഇടങ്ങളിൽ വെച്ച് കണ്ടാല്‍ മാധ്യമപ്രവര്‍ത്തകരും ആരാധകരും ചുറ്റിനും കൂടും. താരങ്ങളുടെ സ്വകാര്യത മാനിക്കാൻ ഇവർ പലപ്പോഴും തയ്യാറാകാറില്ല. കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ഒരു വീഡിയോ വൈറലായിരുന്നു. നടന്‍ മോഹന്‍ലാല്‍ ഒരു സ്വകാര്യ പരിപാടിക്കു എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ തിക്കിലും തിരക്കിലും പെട്ടുപോവുകയും അതിലൊരാളുടെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ ഇടിക്കുകയും ചെയ്തിരുന്നു.
വേദനിച്ചിട്ടും മോഹൻലാൽ പ്രകോപിതനായില്ല. 'എന്താ മോനെ ഇത്, സൂക്ഷിക്കണ്ടേ? നോക്കണ്ടേ' എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ , ഈ വീഡിയോ വൈറലായി. പിന്നാലെ, മാധ്യമ പ്രവർത്തകന് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. മാധ്യമ പ്രവർത്തകനെ വിമർശിച്ച് കൊണ്ട് നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.
ഇപ്പോഴിതാ മോഹൻലാലും മാധ്യമ പ്രവർത്തകനും തമ്മിലുള്ള ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അത്രയും വലിയ തിരക്കിനിടയിൽ തനിക്ക് സംഭവിച്ച അബദ്ധമായിരുന്നുവെന്നും ക്ഷമിക്കണമെന്നും റിപ്പോർട്ടർ മോഹൻലാലിനോട് പറയുന്നുണ്ട്.
അത് സാരമില്ലെന്ന് പറയുന്ന മോഹൻലാൽ, ഈ സംഭവം ഇത്രയും വലിയ വാർത്തയാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും പറയുന്നു. ആളുകൾക്ക് കുറ്റം പറയാൻ ആരെയെങ്കിലും കിട്ടണമെന്നും ഇത്തവണ അത് താങ്കളാണെന്നും മോഹൻലാൽ അദ്ദേഹത്തോട് പറയുന്നു. തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ മോഹൻലാൽ, 'പുരികത്ത് കൊള്ളേണ്ടത് കണ്ണിന് കൊണ്ടു, സാരമില്ല' എന്ന് പറയുന്നു.