ഡ്രാഗൺ, ലവ്, ടുഡേ തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ സെൻസേഷണൽ താരമായി മാറിയ നടനാണ് പ്രദീപ് രംഗനാഥൻ. ഡ്യൂഡ് ആണ് പ്രദീപിന്റെ ഏറ്റവും പുതിയ റിലീസ്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോൾ പേർളി മാണിയെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
പേർളിയെ പോലെ ഒരു എന്റർടെയ്നറെ താൻ കണ്ടിട്ടില്ലെന്നും വളരെ നാച്ചുറൽ ആണ് അവർ എന്നുമാണ് പ്രദീപ് പറഞ്ഞത്. പേർളി മാണി ഷോയിലാണ് പ്രദീപ് ഇക്കാര്യം പറഞ്ഞത്.
'നിങ്ങളെ പോലെ ഒരു എന്റർടെയ്നറെ ഞാൻ കണ്ടിട്ടേ ഇല്ല. നിങ്ങളുടെ ബ്രെയിൻ എങ്ങനെയാണ് പ്രോസസ്സ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഓരോ സെക്കൻഡിലും വളരെ പെട്ടെന്നാണ് കൗണ്ടർ ഡയലോഗുകൾ പറയുന്നത്. അത് നാച്ചുറൽ ആയി വരുന്നതെന്നാണ് ഞാൻ കരുതുന്നത്', പ്രദീപിന്റെ വാക്കുകൾ.
താങ്കളെ ഞാൻ ഇപ്പോൾ തന്നെ ദത്തെടുത്തിരിക്കുന്നു എന്ന് തമാശരൂപേണ പേർളി പറയുന്നതും വീഡിയോയിൽ കാണാം.
അതേസമയം, ഡ്യൂഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രദീപ് രംഗനാഥനും മലയാളത്തിൻറെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് ഡ്യൂഡ്. 10 കോടിയാണ് സിനിമയുടെ ആദ്യ ദിന ആഗോള കളക്ഷൻ എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇത് പ്രദീപിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ആണ്.