നായകനായി തുടരും, പ്രണവ് മോഹന്‍ലാല്‍ തിരിച്ചുവരുന്നു!

ആനന്ദി മേനോന്‍

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (18:48 IST)
‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന സിനിമയുടെ കനത്ത പരാജയം പ്രണവ് മോഹന്‍ലാല്‍ എന്ന നടന്‍റെ കരിയര്‍ അനിശ്ചിതത്വത്തിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്‍റെ പരാജയം നല്‍കിയ വേദനയില്‍ അഭിനയം നിര്‍ത്താന്‍ പ്രണവ് ആലോചിച്ചേക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായി. നായകന്‍ എന്ന നിലയില്‍ നിന്ന് മാറിനില്‍ക്കാന്‍ താരം തയ്യാറായേക്കുമെന്നും പ്രചരണം വന്നു. എന്നാല്‍ പ്രണവ് ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്ത വരുന്നു.
 
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആണ് നായകന്‍. ഒരു റൊമാന്‍റിക് കോമഡി ചിത്രം ആയിരിക്കും ഇത്. കീര്‍ത്തി സുരേഷ് ആയിരിക്കും നായിക. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാളത്തിലെ വലിയ താരനിരയുടെ സാന്നിധ്യമുണ്ടാകും.
 
ഇപ്പോള്‍ ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ ചെറുപ്പകാലം അഭിനയിച്ചുവരികയാണ് പ്രണവ് മോഹന്‍ലാല്‍. ആ ചിത്രത്തിലും കീര്‍ത്തി സുരേഷ് തന്നെയാണ് പ്രണവിന് ജോഡിയാകുന്നത്.
 
‘ആദി’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി കൊമേഴ്‌സ്യല്‍ സിനിമയുടെ ഭാഗമാകുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി ഹിറ്റായിരുന്നു. എന്നാല്‍ രണ്ടാമത്തെ ചിത്രമായ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ബോക്സോഫീസ് ദുരന്തമായി മാറി. അരുണ്‍ ഗോപി സംവിധാനം ചെയ്ത ആ സിനിമയ്ക്ക് തിരക്കഥയിലെ ദൌര്‍ബല്യമാണ് വിനയായത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സായ് പല്ലവിയെ കല്യാണം കഴിക്കണമെന്ന് തെലുങ്ക് സൂപ്പര്‍താരം !